രാഷ്ട്രീയ ഉപകരണമായി ശബരിമല

ടി ജി ജേക്കബ്

ഹിന്ദുത്വ സര്‍ക്കാരിനു വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത വളരെ വിശ്വസ്തനായ ഒരു ചീഫ്ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ച ശബരിമല വിധി വളരെ പെട്ടെന്നുതന്നെ ഒരു രാഷ്ട്രീയപ്രശ്‌നമായി മാറ്റപ്പെട്ടിരിക്കുന്നു. സന്താനോല്‍പാദനശേഷിയുള്ള സ്ത്രീകള്‍ക്ക് അയ്യപ്പദര്‍ശനം അനുവദിക്കുന്ന വിധിയാണിത്. ആചാരലംഘനമാണ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഈ കേസില്‍ കക്ഷിയായിരുന്നു. മാറിമാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഈ നിയമപ്രശ്‌നത്തില്‍ ഭിന്നമായ നിലപാടുകള്‍ കൈക്കൊണ്ടിരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ കുടുക്കിലകപ്പെട്ട പ്രതീതി കേരളത്തിലും പുറത്തും വ്യാപകമാണ്. അതൊരു പ്രതീതി മാത്രമല്ല, യഥാര്‍ഥത്തില്‍ കുടുക്കാണെന്നു സ്ഥാപിക്കുകയാണ് കേരളത്തിലെ നായര്‍ സര്‍വീസ് സൊസൈറ്റി ഉള്‍പ്പെടുന്ന ഹിന്ദുത്വ രാഷ്ട്രീയ വിഭാഗങ്ങള്‍. പ്രശ്‌നം തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. അക്രമങ്ങളും നിയമലംഘനങ്ങളും ബലപ്രയോഗങ്ങളും ഒക്കെയായി മാറിക്കഴിഞ്ഞു. അല്ലെങ്കില്‍ മാറ്റിക്കഴിഞ്ഞു.
ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള വിധിയായതുകൊണ്ടുതന്നെ ഈ വിധിയുടെ പിന്നിലുള്ള ഉദ്ദേശ്യശുദ്ധി വളരെയേറെ സംശയകരമാണ്. അദ്ദേഹം വിരമിക്കുന്നതിനു തൊട്ടുമുമ്പ് പുറപ്പെടുവിച്ച ഒരു വിധിയാണിത്. കേസ് വളരെ പഴയതും. സുപ്രിംകോടതിയിലെ ഏറ്റവും സീനിയറായ നാലു ജസ്റ്റിസുമാര്‍ (ഇപ്പോഴത്തെ ചീഫ്ജസ്റ്റിസ് ഉള്‍പ്പെടെ) പത്രസമ്മേളനം വിളിച്ചുകൂട്ടി ദീപക് മിശ്ര പ്രകടമായും രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം നിയമസംവിധാനത്തെ അട്ടിമറിക്കുകയാണെന്നും പ്രത്യക്ഷമായി വെട്ടിത്തുറന്നു പറഞ്ഞതാണ്. വിചാരണയ്ക്കു വിധേയനാവണമെന്നും അവര്‍ സൂചിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് ആവശ്യപ്പെടുകയും 150 എംപിമാര്‍ അതിനു വേണ്ടി ഒപ്പിടുകയും ചെയ്തു. നാണംകെട്ട രീതിയില്‍ സര്‍ക്കാര്‍ അതിനെ തള്ളിക്കളയുകയാണ് ചെയ്തത്.
ഈ ചരിത്രമുള്ള ജസ്റ്റിസ് ഒരു ദിവസം രാവിലെ പുരോഗമനവാദിയും സ്ത്രീവാദിയും ഒക്കെയായി പരിണാമം നടന്ന ഒരു സംഭവമായിരുന്നു ശബരിമല വിധി. ചരിത്രപ്രധാനമായ വിധി എന്നു പാവം ഫെമിനിസ്റ്റുകള്‍ അതിനെ കൊട്ടിഘോഷിക്കുകയും ചെയ്തു. ഒരു മൂരാച്ചി ഒറ്റയടിക്ക് വിപ്ലവകാരിയായി. അദ്ദേഹം വിരമിക്കുകയും ചെയ്തു. കേരളത്തില്‍ ആര്‍എസ്എസുകാര്‍ ഹിന്ദുത്വത്തെ രക്ഷിക്കാന്‍ വേണ്ടി 'വിശ്വാസി'കളുടെ പ്രക്ഷോഭം തുടങ്ങുകയും ചെയ്തു. ഇത്രയുമൊക്കെ ദീപക് മിശ്ര വിരമിക്കുന്നതിനു തൊട്ടുമുമ്പ് കാട്ടിക്കൂട്ടി. ഭാവിയില്‍ അദ്ദേഹത്തിന് എന്തെങ്കിലും നല്ല ഉദ്യോഗം കൊടുക്കുമെന്ന് ഉറപ്പ്.
കേരളം നിരവധി നൂറ്റാണ്ടുകളായി ഹിന്ദുത്വ ബ്രാഹ്മണ മേധാവിത്വത്തിന്റെ കണ്ണില്‍ വളരെ സുപ്രധാനമായ സ്ഥലമാണ്. ബ്രാഹ്മണ മേധാവിത്വത്തെ അതിശക്തമായി വെല്ലുവിളിച്ച ബുദ്ധിസം, ജൈനിസം, ഭക്തിപ്രസ്ഥാനങ്ങള്‍ തുടങ്ങിയവയെ തുരത്താനും ജാതിവ്യവസ്ഥയെയും ബ്രാഹ്മണ മേധാവിത്വത്തെയും തിരിച്ചുകൊണ്ടുവന്നതില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ചത് ശങ്കരാചാര്യരായിരുന്നു. അദ്ദേഹം കേരളത്തില്‍ നിന്നുള്ള നമ്പൂതിരി ബ്രാഹ്മണനായിരുന്നു. അദ്ദേഹം തത്ത്വശാസ്ത്രപരമായി മാത്രമല്ല സംഘടനാപരമായും ബ്രാഹ്മണ മേധാവിത്വത്തെ ഉറപ്പിച്ചതില്‍ വലിയ പങ്കുവഹിച്ചയാളാണ്.
ഇന്നും ശങ്കരാചാര്യര്‍ ഉപഭൂഖണ്ഡത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്ഥാപിച്ച മഠങ്ങളും പീഠങ്ങളും ഹിന്ദുത്വശ്രേണിയില്‍ അത്യുന്നത സ്ഥാനമാണ് വഹിക്കുന്നത്. ഇന്നും ഈ കേന്ദ്രങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ആചാരക്രിയകള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ കേരള നമ്പൂതിരി തന്ത്രിമാര്‍ വേണം. ഹിന്ദുത്വ ആശയസമുച്ചയത്തില്‍ കേരളത്തിന്റെ സ്ഥാനം ഉന്നതമാണ്. വൈകാരികമായി കേരളം ഹിന്ദുത്വവാദികള്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. അങ്ങനെയാണല്ലോ പരശുരാമന്‍ കഥ തന്നെ ഉണ്ടായത്. അതുകൊണ്ടുതന്നെയാണ് ആര്‍എസ്എസ് വമ്പിച്ച പ്രാധാന്യം കൊടുത്ത് ഏറ്റവും കൂടുതല്‍ ശാഖകള്‍ ഇവിടെ സംഘടിപ്പിക്കുന്നതും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍ കേരളത്തില്‍ നടന്ന ഇടതുപക്ഷ മുന്നേറ്റവും അവരുടെ ഭരണപക്ഷത്തേക്കുള്ള നീക്കവും ഹിന്ദുത്വശക്തികള്‍ ഒരു വിശാല ജനകീയ അടിത്തറ ഉണ്ടാക്കുന്നതിന് പ്രതിബന്ധമായിട്ടുണ്ട്. അതേസമയം തന്നെ ആശയപരമായും സംഘടനാപരമായും ഹിന്ദുത്വം കേരളത്തില്‍ ഒരു ശക്തി തന്നെയാണ്. അപ്പോള്‍ ജാതി തീര്‍ച്ചയായും ശക്തിയാണ്. 'പ്രബുദ്ധ' കേരളം എന്നൊക്കെ കേള്‍ക്കാന്‍ കൊള്ളാം. പക്ഷേ, പ്രബുദ്ധത അന്വേഷിച്ചു ചെല്ലുമ്പോള്‍ അത്ര പ്രബുദ്ധമല്ലാത്ത മറ്റു പലതുമാണ് കാണുക. ഇടതുപക്ഷത്തിന്റെ വളര്‍ച്ച പോലെത്തന്നെയോ അതില്‍ കൂടുതലായോ ഹിന്ദുത്വശക്തികള്‍ക്ക് വിഘാതമായത് മതന്യൂനപക്ഷങ്ങളുടെ സാമ്പത്തിക-സാമുദായിക വളര്‍ച്ചയാണ്.
മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ പ്രബല സമുദായങ്ങളാണ്. ജനസംഖ്യാ കണക്കുകളിലും പ്രാധാന്യമുണ്ട് അവര്‍ക്ക്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഇതൊക്കെയായിരിക്കുമ്പോള്‍ തന്നെ ആധിപത്യം നേടാനുള്ള ഹിന്ദുത്വ അജണ്ടയ്ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അതിനു വേണ്ടി ഏതു മാര്‍ഗവും ഉപയോഗിക്കുന്നതില്‍ ഹിന്ദുത്വവാദികള്‍ക്ക് ഒരു മടിയുമില്ലെന്ന് അവര്‍ തന്നെ ഇടയ്ക്കിടെ അടിവരയിട്ട് പറയുന്നുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള അവരുടെ താല്‍പര്യം അതു സൗകര്യപൂര്‍വം ഉപയോഗിക്കാനുള്ള ഒന്നായി മാത്രമേ ഹിന്ദുത്വശക്തികള്‍ എക്കാലവും കണ്ടിട്ടുള്ളൂ. അവരുടെ തന്നെ വാക്കുകള്‍ ഇത് സമൃദ്ധമായി തെളിയിക്കുന്നുണ്ട്. അതിലും ഒരു മാറ്റവും നാളിന്നുവരെ നടന്നിട്ടില്ല. മാറ്റം വരുത്തേണ്ട ആവശ്യവും അവര്‍ കാണുന്നില്ല.
ഇവിടെയാണ് ശബരിമല അയ്യപ്പന്‍ ഒരു പ്രധാന രാഷ്ട്രീയ കഥാപാത്രമായി കേരളത്തില്‍ മാറിയിരിക്കുന്നത്. ആരാണീ ശബരിമല അയ്യപ്പന്‍? അയ്യപ്പന്റെ പ്രതിഷ്ഠ പശ്ചിമഘട്ടത്തിലെ നിബിഡ വനമേഖലയിലുള്ള ഒരു മലമുകളിലാണ്. ശബരി എന്നത് മലകളിലും കാടുകളിലും അധിവസിച്ചിരുന്ന ആദിമ മനുഷ്യരുടെ പൊതുവിശേഷണമാണ്. ഇതു കാണിക്കുന്നത് അയ്യപ്പന്‍ തുടക്കത്തില്‍ ഒരു ആദിവാസി ദൈവപ്രതിഷ്ഠ ആയിരുന്നുവെന്നാണ്. കൃത്യമായി ഇതുവരെ ഒരു നരവംശ ശാസ്ത്രജ്ഞനും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അയ്യപ്പന്റെ തുടക്കം വളരെ പഴക്കമുള്ളതാണ്. കാലങ്ങള്‍ കടന്നുപോയപ്പോള്‍ ഈ ആദിവാസി ദൈവസങ്കല്‍പത്തിന് മാറ്റങ്ങള്‍ സംഭവിച്ചു. ഇതില്‍ ഏറ്റവും പ്രധാന മാറ്റം സംഭവിച്ചിട്ട് മൂന്നുനാല് നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. ഈ മാറ്റം സംഭവിച്ചതു മുതല്‍ക്കാണ് കോവിലില്‍ സ്ത്രീപ്രവേശനം നിഷിദ്ധമായത്.
ഇടക്കാലത്ത് ശബരിമല ബുദ്ധ-ജൈന ആശയങ്ങള്‍ക്ക് വഴിപ്പെട്ടിട്ടുണ്ട്. പീഡനകാലത്ത് ജൈന-ബുദ്ധവിഹാരങ്ങള്‍ തകര്‍ത്തപ്പോള്‍ മുനിമാരും സന്ന്യാസിമാരും പശ്ചിമഘട്ട കാടുകളിലേക്ക് ഓടി രക്ഷപ്പെട്ടതിന്റെ സാക്ഷികളായി നൂറുകണക്കിന് മുനിയറകള്‍ പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ (ഉദാ: കാന്തല്ലൂര്‍, മറയൂര്‍) ഇപ്പോഴും കാണാം. ശരണം വിളികളും ബ്രാഹ്മണരും തമ്മില്‍ ഒരു ബന്ധവുമില്ല. ശബരിമല തീര്‍ത്ഥാടകര്‍ ഇന്നും ശരണം വിളികളോടെയാണ് കാടും മലയും പടികളും കയറുന്നത്.
അയ്യപ്പന്റെ ബ്രാഹ്മണവല്‍ക്കരണം പാണ്ഡ്യരാജവംശത്തില്‍ നിന്ന് ഓടിപ്പോയി പന്തളത്ത് നാട്ടുപ്രമുഖന്റെ അരികില്‍ അഭയം തേടിയ ഒരു രാജകുമാരനില്‍ നിന്നാണ്. പന്തളം അന്ന് തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ആശ്രിതരാല്‍ ഭരിക്കപ്പെട്ടിരുന്ന ചെറിയൊരു പ്രദേശമായിരുന്നു. അതുപോലെ നിരവധി ആശ്രിത രാജാക്കന്‍മാര്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു. പലപ്പോഴും ഇത്തരമൊരു രാജകൊട്ടാരത്തില്‍ നിന്നു മറ്റൊന്നിലേക്ക് 10 കിലോമീറ്റര്‍ പോലും ദൂരം ഉണ്ടായിരുന്നില്ല.
മധുരയില്‍ നിന്നു വന്ന രാജകുമാരന് പന്തളത്തും സൈ്വരം കിട്ടാതായപ്പോഴാണ് ശബരിമല കയറിയത്. അതില്‍ പിന്നീടാണ് ശബരിമല അയ്യപ്പന്‍ ബ്രാഹ്മണവല്‍ക്കരിക്കപ്പെടുകയും അദ്ദേഹം രണ്ടു ഹിന്ദു മൂലദൈവങ്ങളുടെ- മഹാവിഷ്ണു, പരമശിവന്‍- സൃഷ്ടിയായി അവതരിപ്പിക്കപ്പെടുന്നതും. അതോടെ കോവിലിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വേദിക് ആവുകയും ബ്രാഹ്മണര്‍ പൂജാരിമാരാവുകയും ചെയ്തു. അതുപോലെ തന്നെ ശബരിമല ഒരു വന്‍ തീര്‍ത്ഥാടന വ്യവസായമാവുകയും ചെയ്തു. ഇന്നത് ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നും ഒരു വന്‍ വരുമാനസ്രോതസ്സുമാണ്. എല്ലാ തരത്തിലും അയ്യപ്പസ്വാമിയുടെ സ്ഥാനം ഹിന്ദുമതശ്രേണിയില്‍ ഉയര്‍ന്നതാണ്. തീര്‍ത്ഥാടകര്‍ കേരളത്തില്‍ നിന്നു മാത്രമല്ല, അതിലും വളരെ കൂടുതലായി ദ്രാവിഡ സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് വന്‍തോതില്‍ തീര്‍ത്ഥാടകര്‍ അവിടേക്ക് വരുന്നത്.
അയ്യപ്പന് ആദിവാസി-ബുദ്ധ പാരമ്പര്യം ഉണ്ടെന്നു മാത്രമല്ല, രണ്ട് ഉപസ്ഥാനീയരുമുണ്ട്. ഒന്നൊരു മുസ്‌ലിം (വാവരുസ്വാമി), മറ്റേത് കുമാരനെ പ്രേമിച്ചിരുന്നെന്നു പറയപ്പെടുന്ന സ്ത്രീ (മാളികപ്പുറത്തമ്മ). ഇതു മാത്രമല്ല, ശബരിമലയുടെ അടിവാരത്തിലുള്ള നിലയ്ക്കലിലാണ് ജീസസിന്റെ ശിഷ്യന്‍ സെന്റ് തോമസ് (സംശയാലുവായ തോമസ്) കേരളത്തില്‍ സ്ഥാപിച്ചെന്നു കരുതപ്പെടുന്ന ഏഴു പള്ളികളിലൊന്ന്. ഇങ്ങനെ വളരെ വൈവിധ്യമുള്ള പ്രദേശമാണ് ശബരിമല. അയ്യപ്പദര്‍ശനത്തിനു സ്ത്രീകള്‍ ഒഴികെ ജാതി-മതഭേദമില്ലാതെ ആര്‍ക്കും പോകാം. ആ രീതിയില്‍ അയ്യപ്പന്‍ മതേതര ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്ന ഒരു ദൈവസങ്കല്‍പമാണെന്നു പറയാം. ദര്‍ശനം നടത്തുന്ന അന്യമതസ്ഥര്‍ കുറവാണെങ്കിലും അവര്‍ അതു ചെയ്യുന്നതിന് തടസ്സങ്ങളൊന്നുമില്ല. പരമ്പരാഗതമായ വ്രതമെടുക്കണം എന്നേയുള്ളൂ.
ഇത്തരത്തില്‍ ജനാധിപത്യ സ്വഭാവമുള്ള ഒരു പുരാതന ആരാധനാമൂര്‍ത്തിയെ ചൊല്ലിയാണിപ്പോള്‍ ഹിന്ദുത്വവാദികള്‍ കൊലവിളി നടത്തുന്നത്. ആര്‍എസ്എസും ബിജെപിയും നടത്തിയ അയ്യപ്പസംരക്ഷണ ജാഥയില്‍ അങ്ങോളമിങ്ങോളം മുഴങ്ങിയത് കൊലവിളിയായിരുന്നു. കോടതിവിധിയുടെ സംരക്ഷണത്തില്‍ ദര്‍ശനത്തിനു പോകാന്‍ ധൈര്യപ്പെടുന്ന സ്ത്രീകള്‍ക്കെതിരേയായിരുന്നു ജുഗുപ്‌സാവഹമായ ആക്രോശങ്ങള്‍. ബിജെപിയുടെ അംഗീകൃത നേതാക്കള്‍ തന്നെയായിരുന്നു ഇതൊക്കെ നടത്തിയത്. രാമക്ഷേത്രത്തിനു വേണ്ടി നടത്തിയ ജാഥകളെയാണ് ഇത് അനുസ്മരിപ്പിച്ചത്.
അയ്യപ്പന്റെ പേരില്‍ കുറച്ച് രക്തസാക്ഷികളെ സംഘടിപ്പിക്കാന്‍ കഴിയുകയാണെങ്കില്‍ അത്രയും കേമമെന്ന നിലപാടാണ് അയ്യപ്പസംരക്ഷകര്‍ക്ക്. ആത്മഹത്യകളായാലും കുഴപ്പമില്ല. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിനെതിരേ നടത്തിയ കോലാഹലങ്ങളില്‍ നടന്ന ആത്മഹത്യകള്‍ കൊലപാതകങ്ങളായിരുന്നു എന്നോര്‍ക്കുക. അതേപോലെ അയ്യപ്പന്റെ പേരിലും ചെയ്യാന്‍ കഴിയും. അവര്‍ തന്നെ സംഘര്‍ഷം സൃഷ്ടിക്കാന്‍ സ്ത്രീകളെ ദര്‍ശനത്തിനു പറഞ്ഞയക്കുകയും ചെയ്യും. അങ്ങനെയൊക്കെ ചെയ്യുന്നതില്‍ കൂടി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്ന കണക്കുകൂട്ടല്‍ ഹിന്ദുത്വവാദികള്‍ക്ക് സ്വാഭാവികമാണ്. അധികാരത്തിലെത്താന്‍ വേണ്ടി ആസൂത്രിതമായി നടപ്പാക്കിയ കൂട്ടക്കൊലപാതകങ്ങള്‍ അവരുടെ സമീപകാല ചരിത്രത്തില്‍ ആവോളം കാണാന്‍ കഴിയും.
കേരളത്തിലെ സാഹചര്യത്തില്‍ ഹിന്ദുത്വത്തിനു പിന്തുണ വളര്‍ത്തുന്നതിനു വേണ്ടി അയ്യപ്പനെ കരുവാക്കുകയാണ് തീവ്രവലതുപക്ഷം ചെയ്യുന്നത്. അവരുടെ സ്വന്തം ആളാണ് വിധി പറഞ്ഞത്. ശബരിമല പ്രശ്‌നത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്നവര്‍ സുപ്രിംകോടതിയില്‍ തന്നെയാണ് അന്വേഷണം തുടങ്ങേണ്ടത്. ഹിന്ദുധര്‍മത്തെ രക്ഷിക്കാന്‍ വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവര്‍ക്ക് കേരളത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് ജനകീയ അടിത്തറ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടേ ഉണ്ടാക്കാന്‍ കഴിയൂ. ഇല്ലാത്ത വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് തീവ്രഹിന്ദുത്വത്തിനു നീതീകരണം ഉണ്ടാക്കുക എന്നതാണ് പ്രകടമായ ലക്ഷ്യം. ഇപ്പോള്‍ ഭരിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റുകള്‍ സ്വന്തം കുഞ്ഞുങ്ങളെ രാധ-കൃഷ്ണവേഷങ്ങള്‍ കെട്ടിച്ച് പ്രദര്‍ശിപ്പിക്കുന്നതും ക്ഷേത്രകമ്മിറ്റികളില്‍ കയറിപ്പറ്റുന്നതും ഒക്കെ നിഷ്ഫലമാക്കാനുള്ള ശ്രമം കൂടിയാണിത്. ഹിന്ദുക്കളുടെ കാര്യങ്ങള്‍ ഹിന്ദുത്വര്‍ നോക്കും, അതില്‍ വേറെയാരും കൈയിട്ടു വാരാന്‍ നോക്കേണ്ട എന്ന വ്യക്തമായ മുന്നറിയിപ്പും ശബരിമല പ്രശ്‌നത്തില്‍ അന്തര്‍ലീനമാണ്.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞത് തികച്ചും വാസ്തവമാണ്. ശബരിമല പ്രശ്‌നത്തില്‍ സ്ത്രീകളെ ബലിയാടാക്കുകയാണെന്നാണ് അവര്‍ പറഞ്ഞത്. ഹിന്ദുത്വത്തെ സംബന്ധിച്ചിടത്തോളം എല്ലാ സ്ത്രീകളും- അത് ബ്രാഹ്മണസ്ത്രീയായാലും ചണ്ഡാലസ്ത്രീയായാലും ശൂദ്രരാണ്. വേദങ്ങളിലും മറ്റും അതിനു നിരവധി ന്യായീകരണങ്ങളുമുണ്ട്. ഇതിന്റെ രാഷ്ട്രീയം ഫാഷിസമാണ്. ആണ്‍മേധാവിത്വമാണ്. പാട്രിയാര്‍ക്കിയാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് ലിബറല്‍ സ്ത്രീവാദികള്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സുപ്രിംകോടതി അംഗീകരിച്ചത് ആണ്‍-പെണ്‍ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമായി ഘോഷിക്കുന്നത്. അതും സ്ത്രീവിമോചനവുമായി ഒരു ബന്ധവുമില്ല. അതൊരു ഫാഷിസ്റ്റ് രാഷ്ട്രീയക്കളിയാണ്. ഫാഷിസ്റ്റ് രാഷ്ട്രീയത്തിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയുള്ള നെറികെട്ട അപകടകരമായ രാഷ്ട്രീയക്കളി.
സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അകപ്പെട്ടിരിക്കുന്ന കുടുക്ക് കണ്ട് ഹിന്ദുത്വവാദികള്‍ ആസ്വദിക്കുകയാണ്. അവര്‍ സ്വയം വിശേഷിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരായും ആണ്‍-പെണ്‍ സമത്വവാദികളുമൊക്കെ ആയിട്ടാണല്ലോ. കേരളം അവരുടെ സ്വാധീനത്തിലും പരിശ്രമഫലവുമായി സാമൂഹികമായി വളരെ മുന്നോട്ടുപോയിട്ടുണ്ട് എന്നൊക്കെയാണ് അവകാശവാദം. അതൊക്കെ പൊള്ളയാണെന്നു തെളിയിക്കുന്നതാണ് ശബരിമല പ്രശ്‌നം. ഇപ്പോള്‍ സുപ്രിംകോടതി വിധി മാനിച്ച് (അതു സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ആവശ്യവും ആയിരുന്നു) കാര്യങ്ങള്‍ നടക്കണമെങ്കില്‍ സ്ത്രീതീര്‍ത്ഥാടകര്‍ക്ക് ശക്തമായ പോലിസ് സംരക്ഷണം വേണ്ടിവരും. അതിന് നല്ലതോതില്‍ ചെറുപ്പക്കാരികളായ, ആരോഗ്യമുള്ള വനിതാ പോലിസ് അത്യാവശ്യമാണ്.
എരിതീയില്‍ എണ്ണയൊഴിക്കുന്ന പരിപാടിയാണത്. അവരും പെണ്ണുങ്ങളാണല്ലോ. അയ്യപ്പന്‍ സഹിക്കുമോ അതൊക്കെ? അയ്യപ്പന്റെ കാര്യം പോകട്ടെ, ഹിന്ദുത്വം സഹിക്കുമോ അങ്ങനെയുള്ള ധര്‍മനിഷേധം? ധര്‍മം രക്ഷിക്കാന്‍ വേണ്ടി ഹിന്ദുക്കളൊക്കെ ഒറ്റക്കെട്ടായി അണിനിരക്കേണ്ടേ? അതൊക്കെ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ കഞ്ഞിയില്‍ പാറ്റയിടുന്ന കാര്യങ്ങളാണ്. ഏതെങ്കിലും രീതിയില്‍ സുപ്രിംകോടതി വിധിക്കെതിരേ നിലപാട് എടുക്കേണ്ടിവന്നാല്‍ അത് തീവ്രഹിന്ദുത്വത്തിന്റെ കാല്‍ക്കല്‍ വീഴുന്ന പണിയാവും. അവരുടെ സാമൂഹിക മേല്‍ക്കോയ്മ തുറന്ന് അംഗീകരിക്കുന്ന നിലപാടാവുമത്. ഇതൊക്കെ കണ്ടിട്ടാണ് ഹിന്ദുത്വവാദികള്‍ ചിരിക്കുന്നത്. ി
Next Story

RELATED STORIES

Share it