രാഷ്ട്രീയ ഇടപെടല്‍ ശക്തം; കല്ലായിപ്പുഴ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി ഇഴയുന്നു

കെ വി ഷാജി സമത

കോഴിക്കോട്: കല്ലായിപ്പുഴയെ രക്ഷിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ഇടപെടല്‍ ശക്തമാക്കി രാഷ്ട്രീയ, കൈയേറ്റ മാഫിയ. കല്ലായിപ്പുഴയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചിട്ടയായി നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഘം തടയിട്ടു കഴിഞ്ഞു. ഹൈക്കോടതിയില്‍ നിന്നു കൈയേറ്റ സംഘം നേടിയ സ്‌റ്റേ നീക്കം ചെയ്യുന്ന കാര്യത്തില്‍ കാലതാമസം വരുത്തി ഒഴിപ്പിക്കല്‍ നടപടി നീട്ടികൊണ്ടു പോവാനാണ് അണിയറ നീക്കം.
കൈയേറ്റക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങളെ ഖണ്ഡിക്കുന്ന സത്യവാങ്മൂലം തയ്യാറാക്കി ജില്ലാ ഭരണകൂടം ഗവ. പ്ലീഡറുടെ ഓഫിസില്‍ സമര്‍പ്പിച്ചിട്ടും സ്റ്റേ നീക്കം  ഇഴയുകയാണ്.പ്ലീഡറുടെ ഓഫിസ് കേന്ദ്രീകരിച്ചു നടക്കുന്ന രാഷ്ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്. യുഡിഎഫ് ് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ ഒരു ഉത്തരവ് മറയാക്കിയാണ് കൈയേറ്റ സംഘം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയെടുത്തത്.
പുഴപുറമ്പോക്കും സര്‍ക്കാര്‍ ഭൂമിയും ജണ്ട കെട്ടി സംരക്ഷിക്കാനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണു കോഴിക്കോട് നഗരസഭയിലെ ഒരു യുഡിഎഫ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെ കണ്ട് അനുകൂല ഉത്തരവ് സമ്പാദിച്ചത്.
ഇതിന്റെ ഭാഗമായി കല്ലായിപ്പുഴയുടെ ഓരങ്ങളിലായി 100ലധികം വരുന്ന മരവ്യവസായികള്‍ കൈവശം വച്ച് അനുഭവിച്ചുവരുന്ന ഭൂമി തിട്ടപ്പെടുത്തണമെന്നും,20 ദിവസത്തിനകം ഇവര്‍ക്ക് കൈവശരേഖ നല്‍കണമെന്നും അടൂര്‍ പ്രകാശ്്് ഉത്തരവിട്ടു. ഈ ഉത്തരവ് ഹാജരാക്കിയാണ് കൈയേറ്റക്കാര്‍ കോടതിയില്‍ നിന്ന് ആദ്യമായി അനുകൂല ഉത്തരവ് സമ്പാദിച്ചത്.തുടര്‍ന്ന് ജില്ലാ ഭരണകൂടം സ്ഥലത്ത് സര്‍വേ നടത്തുകയും കൈയേറ്റങ്ങളെക്കുറിച്ച് വ്യക്തമാവുന്ന റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
എന്നിട്ടും കോടതിയുടെ അനുകൂല ഉത്തരവ് നേടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിനു സാധിച്ചിട്ടില്ല. സര്‍ക്കാരിനു വേണ്ടി ഹാജരാവുന്ന പ്ലീഡര്‍മാരും കൈയേറ്റ മാഫിയയും തമ്മിലുള്ള അവിശുദ്ധ ഉടമ്പടികളാണു കേസില്‍ സര്‍ക്കാരിന് ക്ഷീണം വരുത്തുന്നത്.
യുഡിഎഫ് ഭരണം അവസാനിച്ചപ്പോഴാവട്ടെ, കൈയേറ്റസംഘം ഇടതുപക്ഷ രാഷ്ട്രീയത്തിലെ ചില നേതാക്കളെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടപടിക്കു തുരങ്കംവയ്ക്കുന്നത്.
സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിയുമായി ജില്ലാ കലക്ടര്‍ മുന്നോട്ടു പോയപ്പോള്‍ സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടി കൈയേറ്റത്തിനെതിരേ നിലപാട് സ്വീകരിച്ചവര്‍ തന്നെയാണ് അണിയറയില്‍ ഒഴിപ്പിക്കലിനെതിരായി ചരടുവലിക്കുന്നതും.
രാഷ്ട്രീയ ഇടപെടല്‍ സജീവമായതോടെ ജില്ലാ ഭരണകൂടവും പ്രതിസന്ധിയിലായ അവസ്ഥയാണുള്ളത്.കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാതെ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ ഒരിഞ്ച് മുന്നോട്ടു പോവാനാവില്ല.  നടപടി നീട്ടിക്കൊണ്ടു പോവുക എന്ന തന്ത്രമാണ് രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തില്‍ പയറ്റിനോക്കുന്നത്.
Next Story

RELATED STORIES

Share it