രാഷ്ട്രപതിക്ക് ദയാവധത്തിനു കത്തെഴുതി ട്രാന്‍സ്‌ജെന്‍ഡര്‍

ന്യൂഡല്‍ഹി: എയര്‍ഇന്ത്യയി ല്‍ ജോലി നിഷേധിച്ചതിനെ തുടര്‍ന്ന് ദയാവധം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതി. ഷാനവി പൊന്നുസ്വാമിയാണ് കത്തെഴുതിയത്. എയര്‍ഇന്ത്യാ വിമാനത്തിലെ ജോലിക്കാരിയുടെ തസ്തികയിലേക്കാണ് അവര്‍ അപേക്ഷിച്ചിരുന്നത്. ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ എയര്‍ഇന്ത്യ ജോലി നിഷേധിച്ചു.
ഇതിനെതിരേ അവര്‍ കഴിഞ്ഞ നവംബറില്‍ സുപ്രിംകോടതിയെ സമീപിച്ചു. കോടതി പ്രതികരണം തേടി എയര്‍ഇന്ത്യക്കും സിവില്‍ വ്യോമയാന മന്ത്രാലയത്തിനും നോട്ടീസ് അയച്ചിരുന്നു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍, എയര്‍ഇന്ത്യയോ സിവില്‍ വ്യോമയാന മന്ത്രാലയമോ സുപ്രിംകോടതി നോട്ടീസിനോട് പ്രതികരിച്ചില്ലെന്ന് ഷാനവി പൊന്നുസ്വാമി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതിനാല്‍ ദയാവധം വേണമെന്നാണ് കത്തില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.
എന്റെ അതിജീവനത്തിലും തൊഴില്‍കാര്യത്തിലും പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്നു വ്യക്തമാണ്. ഭക്ഷണത്തിനു വക കണ്ടെത്താനുള്ള അവസ്ഥ എനിക്കില്ല. അഭിഭാഷകരെ വച്ച് സുപ്രിംകോടതിയില്‍ കേസ് നടത്താനുമാവില്ല. ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ എനിക്ക് മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണ്- അവര്‍ കത്തില്‍ ആരോപിച്ചു.
ഷാനവി പൊന്നുസ്വാമി എയര്‍ഇന്ത്യയില്‍ ഒരു വര്‍ഷക്കാലം കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവായിരുന്നു. പിന്നീട് അവര്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായി. തുടര്‍ന്ന് നാലു തവണ വിമാനത്തില്‍ ജോലിക്കാരിയുടെ തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും ജോലി ലഭിച്ചില്ല. എയര്‍ഇന്ത്യയുടെ നിയമനനയത്തില്‍ 'ട്രാന്‍സ് വിമന്‍സ്' വിഭാഗമില്ലെന്നാണ് അധികൃതര്‍ അവരെ അറിയിച്ചത്.
Next Story

RELATED STORIES

Share it