kannur local

രാമന്തളി മാലിന്യപ്രശ്‌നം: നേവിക്കെതിരേ കരിദിനം ആചരിക്കും

പയ്യന്നൂര്‍: രാമന്തളി മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതി ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തില്‍ നാവിക അക്കാദമിയില്‍ പാസിങ്ഔട്ട് പരേഡ് നടക്കുന്ന 25, 26 തിയ്യതികളില്‍ രാമന്തളി പഞ്ചായത്തില്‍ കരിദിനം ആചരിക്കും. അക്കാദമിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പാക്കുമെന്ന് പ്രതിരോധ മന്ത്രാലയം ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് കരാര്‍ ഉടമ്പടി ഉണ്ടാക്കിയതിന്റെ ഒരുവര്‍ഷം തികയുന്ന 24ന് വഞ്ചനാദിനവും ആചരിക്കും. അതിനിടെ, മലിനജലപ്രശ്‌നം രൂക്ഷമായി തുടരവെ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രദേശവാസികള്‍ രംഗത്തെത്തി.
സര്‍ക്കാര്‍ വേട്ടക്കാരുടെ കൂടെയാണെന്നും ഭരണകൂടത്തിന്റെ കള്ളക്കളി പുറത്തുവന്നതായും ജനാരോഗ്യ സംരക്ഷണ സമിതി ആരോപിച്ചു. കിണര്‍വെള്ളം കുടിച്ച് ശീലിച്ച ജനതയോട് പൈപ്പ് വെള്ളം ഉപയോഗിക്കണമെന്നു പറയുന്ന സര്‍ക്കാര്‍ നിലപാട് ന്യായീകരിക്കാനാവില്ല. രാമന്തളിയിലെ കിണറുകള്‍ ശാശ്വതമായി നാവിക അക്കാദമിയുടെ കക്കൂസ് മാലിന്യം നിറയുന്ന കുഴികളാക്കി മാറ്റാനാണ് 45 ലക്ഷത്തിന്റെ പൈപ്പുവെള്ള പദ്ധതിയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേവലം അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയ പ്ലാന്റിന് ദത്തന്‍ കമ്മിറ്റി റിപോര്‍ട്ട് മറയാക്കി സര്‍ക്കാരിന്റെ സമ്മര്‍ദഫലമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കി. നാവിക അക്കാദമിയില്‍ തന്നെ വേനല്‍കാലത്ത് വെള്ളം ലഭിക്കാത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മലിനബാധിത പ്രദേശത്ത് പദ്ധതി തയ്യാറാക്കിയതെന്നും സമിതി കുറ്റപ്പെടുത്തി. യോഗത്തില്‍ ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പി രാജേന്ദ്രന്‍, പി കെ നാരായണന്‍, വിനോദ് കുമാര്‍ രാമന്തളി, കെ എം അനില്‍കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it