Flash News

രാമന്തളി കൊലപാതകം : പ്രതികള്‍ക്കുവേണ്ടി ഹാജരായത് സിപിഎം അഭിഭാഷകന്‍ ; രാഷ്ട്രീയവിരോധമെന്ന് റിമാന്‍ഡ് റിപോര്‍ട്ട്

രാമന്തളി കൊലപാതകം : പ്രതികള്‍ക്കുവേണ്ടി ഹാജരായത് സിപിഎം  അഭിഭാഷകന്‍ ; രാഷ്ട്രീയവിരോധമെന്ന് റിമാന്‍ഡ് റിപോര്‍ട്ട്
X


പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട് ബിജു (34) കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയവിരോധമാണെന്ന് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ട്. പ്രതികളായ കക്കംപാറ നടുവിലെപുരയില്‍ എന്‍ പി റിനീഷ്(31), പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ കെ വി ജ്യോതിഷ്(28) എന്നിവരുടെ റിമാന്‍ഡ് റിപോ ര്‍ട്ടാണ് ഇന്നലെ സമര്‍പ്പിച്ചത്. പ്രതികളെ ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലിലേക്കു മാറ്റി. വധശ്രമം ഉള്‍പ്പെടെ 17 കേസുകളില്‍ റിനീഷ് പ്രതിയാണ്. സിപിഎം പ്രവര്‍ത്തകന്‍ രാമന്തളിയിലെ ധനരാജിന്റെ കൊലപാതകത്തിനു പകരംവീട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി ഗൂഢാലോചന നടത്തി. ഈ കേസില്‍ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്. ആയുധങ്ങള്‍ കണ്ടെടുക്കാനുണ്ട്. ഇരുവര്‍ക്കും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ സാധ്യതയുണ്ട്. രാമന്തളി, കക്കംപാറ പ്രദേശങ്ങളില്‍ രാഷ്ട്രീയസംഘര്‍ഷം നിലനില്‍ക്കുകയാണ്. അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.അതേസമയം, കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിക്കുമ്പോഴും അറസ്റ്റിലായ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത് സിപിഎം അഭിഭാഷകന്‍. ഇന്നലെ പയ്യന്നൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത് റിനീഷ്, ജ്യോതിഷ് എന്നിവര്‍ക്കു വേണ്ടിയാണ് സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്‌സ്് യൂനിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ വിജയകുമാര്‍ ഹാജരായത്. പയ്യന്നൂരിലെ പ്രമുഖ അഭിഭാഷകനായ ഇദ്ദേഹം, സിപിഎം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കേസുകളില്‍ വക്കാലത്ത് ഏറ്റെടുക്കാറുണ്ട്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ചൂരക്കാട് ബിജു വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും ആരോപണം നിഷേധിച്ചിരുന്നു.  കേസില്‍ മൊത്തം ഏഴു പ്രതികളാണുള്ളത്. അനൂപ്, സത്യന്‍, പ്രജീഷ്, രതീഷ്, നിധിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it