Alappuzha local

രാമങ്കരിയില്‍ സിപിഎം- സിഎസ്ഡിഎസ് സംഘര്‍ഷം; മൂന്നു പേര്‍ക്ക് പരിക്ക്‌



രാമങ്കരി:  രാമങ്കരി ജങ്ഷനില്‍  നടന്ന സിപിഎം- സിഎസ്ഡിഎസ്  (ചേരമര്‍ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി) സംഘര്‍ഷത്തില്‍   മൂന്ന് സിപിഎം  പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ആറ് സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസ്.   വേഴപ്ര  കുഴിക്കാലാ കോളനി നിവാസികളായ  പ്രതിഷ് (30), ബിനു(31), വേഴപ്ര സെറ്റില്‍മെന്റ് കോളനിയില്‍ വീ ആര്‍  സോമന്‍ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാരകമായി പരിക്കേറ്റ പ്രതീക്ഷ, വി ആര്‍ സോമന്‍  എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍സ ചികില്‍സയിലാണ്. രാമങ്കരി ജങ്ഷനിലെ കടയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍  വേഴപ്ര   കോളനി നമ്പര്‍ 122ല്‍ പീതാംമ്പരന്‍ (62) എന്നയാള്‍ക്കും  പരിക്കേറ്റിട്ടുണ്ട്.  സംഭവവുമായി ബന്ധപ്പെട്ട് ഏതാനും സിഎസ്ഡിഎസ് പ്രവര്‍ത്തകരെ ഇന്നലെ പുലര്‍ച്ചയോടെ രാമങ്കരി പോലിസ് കസ്റ്റഡിയില്‍ എടുത്തതായ്  വന്ന വാര്‍ത്ത പോലിസ് അധികൃതര്‍ നിഷേധിച്ചു. കാവാലത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെ ഒരു സിഎസ്ഡിഎസ് പ്രവര്‍ത്തകനെയും മുട്ടാര്‍, വാകത്താനം പഞ്ചായത്തുകളില്‍ നിന്ന്  ഓരോ പ്രവര്‍ത്തകരെ വീതവും കസ്റ്റഡിയില്‍ എടുത്തതായാണത്രെ വാര്‍ത്ത പരന്നത്. രണ്ട് ദിവസം മുമ്പ് രാമങ്കരി ടൈറ്റാനിക്  ജങ്ഷനില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായിബന്ധപ്പെട്ട് സിഎസ്ഡിഎസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം അടിപിടിയില്‍ അവസാനിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ രണ്ടുകൂട്ടരും ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.  സിഎസ്ഡിഎസ് നേതൃത്വം നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നു ഇന്നലെ രാത്രി എട്ട് മണിയോടെ നൂറ് കണക്കിന് പ്രവര്‍ത്തകരെ വാഹനങ്ങളില്‍ രാമങ്കരിയിലേക്ക്  എത്തിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും  ചെയ്തതോടെയാണ്  സ്ഥിതി കൂടുതല്‍ വഷളായത്. പ്രദേശത്ത് ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് നിമിഷവും പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുടാവുന്ന അവസ്ഥ നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it