രാജ്യാന്തര പുസ്തകോല്‍സവം: കാരുണ്യത്തിന്റെ കൈവരയുമായി കാര്‍ട്ടൂണിസ്റ്റുകള്‍

നിഖില്‍  എസ്  ബാലകൃഷ്ണന്‍

കൊച്ചി: കൃതി രാജ്യാന്തര പുസ്തകോല്‍സവ വേദിയില്‍ കാരിക്കേച്ചറിന്റെ അദ്ഭുതലോകം വരയെ പ്രണയിക്കുന്നവര്‍ക്ക് തുറന്നിട്ടുനല്‍കുകയാണ് ഒരുകൂട്ടം കാര്‍ട്ടൂണിസ്റ്റുകള്‍. വരകളിലൂടെ ലഭിക്കുന്ന ചെറിയ പാരിതോഷികം ഓട്ടിസം ബാധിച്ച കുരുന്നുകള്‍ക്ക് നീക്കിവയ്ക്കുമ്പോള്‍ കലയും കാരുണ്യവും സമ്മേളിക്കുകയാണ് കൃതി 2018ല്‍.
പുസ്തകോല്‍സവത്തിന്റെ സംഘാടകരായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രത്യേക താല്‍പര്യമെടുത്താണ് കാര്‍ട്ടൂണിസ്റ്റുകളെ വേദിയിലെത്തിച്ചത്. പുസ്തകോല്‍സവം കാണാനെത്തുന്നവരുടെ ചിത്രങ്ങള്‍ തല്‍സമയം കാരിക്കേച്ചര്‍ രൂപത്തിലേക്ക് പകര്‍ത്തിനല്‍കും. 'കൈവര'യെന്നാണ് തല്‍സമയ കാരിക്കേച്ചര്‍ രചനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അല്‍പ്പസമയം അനുസരണയോടെ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യണമെന്നു മാത്രം. വേദിയില്‍ ഒരുക്കിയിരിക്കുന്ന ചെറിയ പെട്ടിയില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള തുക നിക്ഷേപിച്ച് സന്തോഷത്തോടെ കാരിക്കേച്ചറുമായി മടങ്ങുകയുമാവാം. ഇങ്ങനെ സമാഹരിക്കുന്ന തുക പുസ്തകോല്‍സവം സമാപിക്കുന്ന ദിവസം സംഘാടകര്‍ക്ക് കാര്‍ട്ടൂണിസ്റ്റുകള്‍ കൈമാറും. പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അവിടെ നിന്ന് ഓട്ടിസം ബാധിച്ച കുരുന്നുകളുടെ ചികില്‍സാ സഹായനിധിയിലേക്കും ഈ തുക സഞ്ചരിക്കും.
കോട്ടയത്ത് വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവവേദിയില്‍ കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ തല്‍സമയ കാരിക്കേച്ചര്‍ രചന നടത്തി പണം സമാഹരിച്ചിരുന്നു. അന്നു ലഭിച്ച തുക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സഹായനിധിയിലേക്കാണ് കാര്‍ട്ടൂണിസ്റ്റുകള്‍ കൈമാറിയത്.
ഇത്തവണ നേരിട്ടല്ലെങ്കിലും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പിന്തുണയോടെയാണ് കാര്‍ട്ടൂണിസ്റ്റുകള്‍ തല്‍സമയ കാരിക്കേച്ചര്‍ രചനയുമായി കൃതിയിലെത്തിയിരിക്കുന്നത്. ആദ്യദിനമായ ഇന്നലെ കാര്‍ട്ടൂണിസ്റ്റുകളായ അനില്‍ വേഗ, ശ്രീജിത്ത് കുടമാളൂര്‍, ഡോ. സുനില്‍ മുത്തേടത്ത്, സിനി ലാല്‍, ഇബ്രാഹീം ബാദുഷ എന്നിവരാണ് തല്‍സമയ കാരിക്കേച്ചര്‍ രചനകള്‍ക്കു നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it