രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ

തിരുവനന്തപുരം: ചെലവു ചുരുക്കിയും സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും രാജ്യാന്തര ചലച്ചിത്രമേള നടത്താന്‍ ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ധനസമാഹരണം നടത്താന്‍ ഡെലിഗേറ്റ് ഫീസ് 1500 മുതല്‍ 2000 രൂപ വരെ ആക്കാനാണ് ആലോചന. സൗജന്യ പാസുകള്‍ ഒഴിവാക്കുകയോ, എണ്ണം കുറയ്ക്കുകയോ ചെയ്യും. മൂന്നരക്കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ചലച്ചിത്രമേള ഒഴിവാക്കിയാല്‍ രാജ്യാന്തര ചലച്ചിത്രമേളകളുടെ പട്ടികയില്‍ നിന്ന് ഐഎഫ്എഫ്‌കെ ഒഴിവാക്കപ്പെടുമെന്നാണ് ചലച്ചിത്ര അക്കാദമിയുടെ ആശങ്ക. മേള മുടങ്ങിയാല്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അടുത്തവര്‍ഷം മുതല്‍ മികച്ച സിനിമകള്‍ ലഭിക്കുന്നത് അനിശ്ചിതത്വത്തിലാവുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കുന്നു.
രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘടനയായ ഫിയാപ്പിന്റെ പട്ടികയില്‍ 24ാം സ്ഥാനമാണ് ഐഎഫ്എഫ്‌കെയ്ക്കുള്ളത്. ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ മേളയായി ഇതു മാറിയിട്ടുണ്ട്. ഡിസംബര്‍ ഏഴു മുതല്‍ 13 വരെയാണ് ചലച്ചിത്രമേള. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒരു ദിവസം കുറച്ചു.
10,000-15,000 പേരാണ് കഴിഞ്ഞ വര്‍ഷമെത്തിയത്. 2000 രൂപ ഡെലിഗേറ്റ് ഫീസാക്കിയാല്‍ രണ്ടുകോടി ശേഖരിക്കാം. ഇക്കാര്യം അടുത്തയാഴ്ച നടക്കുന്ന യോഗത്തിലേ തീരുമാനിക്കൂ. ബാക്കിയുള്ള തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്താന്‍ ശ്രമം തുടങ്ങി. അടുത്തയാഴ്ച ഇതിനുള്ള താല്‍പര്യപത്രം ക്ഷണിച്ച് പരസ്യം നല്‍കും.
നിശാഗന്ധി, കലാഭവന്‍, ടാഗൂര്‍, കൈരളി, ശ്രീ, നിള തിയേറ്ററുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്നു സര്‍ക്കാരിനോടും കെഎസ്എഫ്ഡിസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആജീവനാന്ത പുരസ്‌കാരം ഇക്കുറി നല്‍കില്ല. മറ്റു പുരസ്‌കാരങ്ങളെല്ലാം ഉണ്ടാവും. ജൂറിമാരായി ഇക്കുറി പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ചലച്ചിത്രകാരന്‍മാരെയാണ് കൊണ്ടുവരാന്‍ സാധ്യത. മല്‍സരവിഭാഗം, ലോകസിനിമ, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങള്‍ തുടരും. കഴിഞ്ഞവര്‍ഷം 14 തിയേറ്ററുകളിലാണ് മേള നടന്നത്. ഇക്കുറി അത് 12 തിയേറ്ററുകളിലാവും.
ഒക്ടോബര്‍ രണ്ടു മുതല്‍ മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകളുടെ തിരഞ്ഞെടുപ്പുണ്ടാവും. ഉദ്ഘാടനം ഉണ്ടാവില്ല. സമാപനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഏറ്റവും പുതിയ കിംകി ഡുക്ക് ചലച്ചിത്രം ഇക്കുറി മേളയിലുണ്ടാവുമെന്ന് അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it