kozhikode local

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല ഉയരും

കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാവും. ഈ മാസം 15 വരെ നീണ്ട് നില്‍ക്കുന്ന മേള കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിലായാണ് അരങ്ങേറുക. നാളെ വൈകീട്ട് അഞ്ചിന് കൈരളി തിയേറ്ററില്‍ ടി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഹംഗേറിയന്‍ ചിത്രമായ ഓണ്‍ ബോഡി ആന്റ് സോള്‍ ആണ് ഉദ്ഘാടന ചിത്രം.
ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മൂന്ന് ഡോക്യുമെന്ററി ഉള്‍പ്പെടെ 56 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമകാലിക ലോക സിനിമാ വിഭാഗത്തില്‍ 22 സിനിമകളാണ്  പ്രദര്‍ശിപ്പിക്കുക. ഐഎഫ്എഫ്‌കെയില്‍ സുവര്‍ണ ചകോരം ലഭിച്ച ‘വാജിബ്’, മികച്ച ചിത്രത്തിനുള്ള പ്രേക്ഷകരുടെ പുരസ്‌കാരം നേടിയ ‘എ സ്റ്റില്‍ ഹെഡ് റ്റു സ്‌മോക്ക്,  പ്രത്യേക ജൂറി പരാമര്‍ശം നേടിയ കാന്‍ഡലേറിയ  പ്രദര്‍ശനത്തിനെത്തും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ഐഎഫ്എഫ്‌കെയില്‍ ആദരിക്കപ്പെട്ട റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിന്റെ ‘ദ സണ്‍’ പ്രദര്‍ശനത്തിനെത്തും. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ആറു ചിത്രങ്ങളും ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഒമ്പത് സിനിമകളും പ്രദര്‍ശിപ്പിക്കും. ഐഎഫ്എഫ്‌കെയുടെ അന്താരാഷ്ട്ര മല്‍സര വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ലഭിച്ച ‘ന്യൂട്ടണ്‍, മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും നേടിയ സഞ്ജു സുരേന്ദ്രന്റെ ‘ഏദന്‍’ എന്നിവയും പ്രദര്‍ശിപ്പിക്കും.
പൊതുജനങ്ങള്‍ക്കായി 10 മുതല്‍ 15 വരെ മാനാഞ്ചിറ സ്‌ക്വയറിലും ചലച്ചിത്ര പ്രദര്‍ശനം നടക്കും. വൈകീട്ട് ആറിന് നടനും സംവിധായകനുമായ ജോയ് മാത്യു ഇതിന്റ ഉദ്ഘാടനം നിര്‍വഹിക്കും.
മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പി ഡേവിഡിന്റെ ഫോട്ടോകളുടെ പ്രദര്‍ശനം പത്തിന് രാവിലെ 11.30ന് കൈരളി തിയേറ്ററില്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ജി അരവിന്ദന്റ ചരമവാര്‍ഷിക ദിനമായ 15ന് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും.
മാര്‍ച്ച് 10 മുതല്‍ വൈകീട്ട് 5.30ന് മീറ്റ് ദ ഡയരക്ടര്‍, ഓപ്പണ്‍ ഫോറം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ത്രീ സ്‌മോക്കിങ് ബാരല്‍സ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജീബ് ദേ, അഭിനേതാക്കളായ സുബ്രത് ദത്ത, മന്ദാകിനി ഗോസ്വാമി, ഷേഡ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിഖില്‍ അലുഗ്, ഇന്‍ ദ ഷാഡോസ്  ചിത്രത്തിന്റെ സംവിധായകന്‍ ദീപേഷ് ജെയിന്‍, മലയാളി സംവിധായകരായ സഞ്ജു സുരേന്ദ്രന്‍, പ്രേംശങ്കര്‍, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍, പ്രശാന്ത് വിജയ്, ശ്രീകൃഷ്ണന്‍ കെ പി  പങ്കെടുക്കും. സംവിധായകന്‍ ഐ വി ശശിക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. കെ ജി ജോര്‍ജിന്റെ ചലച്ചിത്ര ജീവിതം പകര്‍ത്തുന്ന എട്ടര ഇന്റര്‍കട്ട്‌സ് ലൈഫ് ആന്റ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജ് എന്ന ഡോക്യുമെന്‍ഡറിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. കഴിഞ്ഞ രാജ്യാന്തര ഡോക്യുമെന്‍ഡറി ഹ്രസ്വ ചലച്ചിത്രമേളയില്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ച രണ്ടു ഡോക്യുമെന്‍ഡറികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റ പശ്ചാത്തലത്തില്‍ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ പി എന്‍ രാമചന്ദ്ര സംവിധാനം ചെയ്ത ദ അണ്‍ബെയറബിള്‍ ബീയിങ്് ഓഫ് ലൈറ്റ്‌സ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പാസിന്റെ വിതരണം 8ന് രാവിലെ 10.30ന് ആരംഭിക്കും. കൈരളി, ശ്രീ തിയേറ്ററുകളിലായി 1012 സീറ്റുകളാണുള്ളത്. പൊതുവിഭാഗത്തിനും വിദ്യാര്‍ഥികള്‍ക്കുമായി 1000 പാസുകളാണ് വിതരണം ചെയ്യുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ചെലവൂര്‍ വേണു, കെ ടി ശേഖര്‍, കെ ജെ തോമസ്, ഷാജി എച്ച്, എന്‍ ടി സജീഷ്  പങ്കെടുത്തു.
Next Story

RELATED STORIES

Share it