രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം: കോണ്‍ഗ്രസ് മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി

കൊല്‍ക്കത്ത: പി ജെ കുര്യനു ശേഷം ഒഴിവുവരുന്ന രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ മമതാബാനര്‍ജിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ബിജു ജനതാദളില്‍ നിന്നൊരംഗം മല്‍സരിക്കണമെന്നു ശനിയാഴ്ച പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ തീരുമാനത്തിലെത്തിയതിനു പിന്നാലെയാണ് മമത-പട്ടേല്‍ കൂടിക്കാഴ്ച. ഒരു മണിക്കൂറോളം ഇരു നേതാക്കളും മമതയുടെ ചാണക്യപുരിയിലെ ബംഗ്ല ഭവനില്‍ ചര്‍ച്ച നടത്തി.
ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളും കൂട്ടരും നടത്തുന്ന സമരത്തില്‍ ഭിന്നനിലപാടാണു കോണ്‍ഗ്രസ്സിന്. കെജ്‌രിവാളിനും കൂട്ടര്‍ക്കുമെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ തിങ്കളാഴ്ച രംഗത്തെത്തുകയും ചെയ്തിരുന്നു. രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ പങ്കെടുക്കില്ലെന്നു മമതാ ബാനര്‍ജി വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്. 2019 പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്സിനെ എഎപി സമരം തിരിതെളിയിച്ച കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ ഐക്യം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്്.
വിശാല താല്‍പര്യങ്ങള്‍ക്കു രാഷ്ട്രീയമായ എതിര്‍പ്പുകള്‍ വിഷയമല്ലെന്ന സൂചനയോടെ ഞായറാഴ്ച പിണറായി വിജയനും മമതാ ബാനര്‍ജിയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എഎപി സമരത്തിനു പിന്തുണയുമായി എത്തിയിരുന്നു.
ഇതിനു പുറമെ രാജ്യസഭാ ഉപാധ്യക്ഷ പദവിയില്‍ കോണ്‍ഗ്രസ് മല്‍സരിക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ ഐക്യം എത്തിയ സാഹചര്യത്തിലാണ് അഹമ്മദ് പട്ടേലിനെ രംഗത്തിറക്കി കോണ്‍ഗ്രസ് സമവായത്തിനൊരുങ്ങുന്നത്. ബിജെഡിയില്‍ നിന്നാണ് സ്ഥാനാര്‍ഥിയെങ്കില്‍ പിന്തുണയ്ക്കുമെന്ന നിലപാടിലാണു നാലു മുഖ്യമന്ത്രിമാരും. എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാത്ത പ്രതിപക്ഷ യോഗത്തില്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാര്‍ഥി സംബന്ധിച്ച തീരുമാനം എടുത്തത് രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ്സിനും തിരിച്ചടിയാണ്.
രാജ്യസഭയില്‍ ബിജു ജനതാദളിന് ഒമ്പത് അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്സിന് 51ഉം. ബിജു ജനതാദളും ആറംഗങ്ങളുള്ള തെലങ്കാന രാഷ്ട്ര സമിതിയും കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 30നാണു പി ജെ കുര്യന്റെ കാലാവധി അവസാനിക്കുന്നത്. 10 വര്‍ഷമായി കോണ്‍ഗ്രസ് വഹിക്കുന്ന പദവിയാണ് രാജ്യസഭ ഉപാധ്യക്ഷന്റേത്.
Next Story

RELATED STORIES

Share it