രാജ്യവ്യാപക പ്രത്യാഘാതമുണ്ടാക്കും: സിപിഐ(എം)

കൊല്‍ക്കത്ത: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദേശീയതലത്തില്‍ മാത്രമല്ല, സിപിഐ(എം)ലും ദൂര വ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ്. ഇന്നാണ് ത്രിപുരയിലും നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍. ത്രിപുരയില്‍ 25 വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തില്‍ വരുമെന്നാണ് രണ്ട് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.
ത്രിപുരയില്‍ ഇടതുമുന്നണി ജയിക്കുന്നുവെങ്കില്‍ സിപിഐ(എം) ഇപ്പോള്‍ സ്വീകരിച്ച രാഷ്ട്രീയ നയത്തില്‍ മാറ്റമുണ്ടാവാനിടയില്ല. എന്നാല്‍, ബിജെപി അധികാരത്തില്‍ വരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കണമെന്ന ആവശ്യത്തിന് സിപിഐ (എം) നകത്ത് ശക്തികൂടും.
ഇപ്പോഴത്തെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ മാറ്റം വരുത്താനും പാര്‍ട്ടി അതംഗീകരിക്കാനുമിടയാക്കുമെന്നും കേന്ദ്ര കമ്മിറ്റി അംഗമായ നേതാവ് പറഞ്ഞു. ബിജെപിയുടെ ഭീഷണിയെ കുറിച്ച് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിന് പൂര്‍ണ ധാരണയുണ്ട്. എന്നാല്‍, കേരള ഘടകത്തിന് അത് ഇപ്പോഴും പിടികിട്ടിയിട്ടില്ല.
ബിജെപിയുടെ ശിഥിലീകരണ രാഷ്ട്രീയത്തിന്റെ രുചി പാര്‍ട്ടിയുടെ ത്രിപുര ഘടകവും അനുഭവിച്ചിട്ടുണ്ട് - നേതാവ് പറഞ്ഞു. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാളിലെ വലിയൊരു വിഭാഗം നേതാക്കളും കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കണമെന്ന പക്ഷക്കാരാണ്. എന്നാല്‍, പാര്‍ട്ടിയുടെ കേരളഘടകം ഇതിനെതിരാണ്.
Next Story

RELATED STORIES

Share it