രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുന്നില്ലെങ്കില്‍ കശ്മീരി വിദ്യാര്‍ഥികള്‍ അലിഗഡ് വിടും

അലിഗഡ്/ശ്രീനഗര്‍: അലിഗഡ് മുസ്‌ലിം സര്‍വകലാശാല (എഎംയു)യിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ബുധനാഴ്ച സ്വദേശത്തേക്ക് പോവുമെന്നു കശ്മീരി സഹപാഠികള്‍ മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാലയില്‍ പഠിക്കുന്ന 1200ലേറെ കശ്മീരി വിദ്യാര്‍ഥികള്‍ 17ന് വീട്ടിലേക്ക് തിരിക്കും. ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് എഎംയു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്റ് സജ്ജാദ് റാത്തര്‍ കത്തയച്ചിട്ടുണ്ട്.
കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹം പ്രതികാര നടപടിയാണ്. സര്‍വകലാശാലാ അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മനാനി ബഷീര്‍ വാനിക്കായുള്ള മയ്യിത്ത് നമസ്‌കാരം ഉപേക്ഷിച്ചിരുന്നു. ഔദ്യോഗിക ഏജന്‍സികള്‍ സ്ഥിരീകരിക്കുന്ന പോലെ അവിടെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നിട്ടില്ല. ഇതിന്റെ പേരില്‍ മൂന്നു കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പ്രതികാര നടപടിയും നീതിക്ക് നിരക്കാത്തതാണെന്നും സജ്ജാദ് കത്തില്‍ പറഞ്ഞു.
അതേസമയം, കശ്മീരി വിദ്യാര്‍ഥികളുടെ ആരോപണത്തെ സര്‍വകലാശാലാ വക്താവ് ശാഫി കിദ്വായി തള്ളി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കും ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് മനാന്‍ ബഷീര്‍ വാനിക്ക് വേണ്ടി നമസ്‌കാരം നടത്തിയവര്‍ക്കുമെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അലിഗഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്നു 27കാരനായ വാനി. പിന്നീട് സര്‍വകലാശാലയില്‍ നിന്നു പുറത്തുപോയ അദ്ദേഹം സായുധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. വടക്കന്‍ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ് വാനി കൊല്ലപ്പെട്ടത്. അതേസമയം, മൂന്നു കശ്മീരി വിദ്യാര്‍ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് അവര്‍ക്കെതിരേ കേസെടുത്തതെന്ന് അലിഗഡ് എസ്എസ്പി അജയ് സഹനി പറഞ്ഞു. വസീം മാലിക്, അബ്ദുല്‍ മീര്‍, പേരറിയാത്ത മറ്റൊരാള്‍ എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.
വ്യാഴാഴ്ച അനൗദ്യോഗിക ചര്‍ച്ച വിളിച്ച ഒമ്പതു വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നു പ്രഫസര്‍ കിദ്വായി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. അടുത്ത 72 മണിക്കൂറിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വിദ്യാര്‍ഥികളെ നേരത്തേ എഎംയുവില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 11ന് ചില വിദ്യാര്‍ഥികള്‍ സര്‍വകലാശാലയിലെ കെന്നഡി ഹാളില്‍ വാനിക്കായി മരണാനന്തര ചടങ്ങുകള്‍ നടത്തിയിരുന്നു. സര്‍വകലാശാലാ അധികൃതരും വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും പരിപാടി തടയാന്‍ ശ്രമിച്ചപ്പോള്‍ കശ്മീരി വിദ്യാര്‍ഥികളുമായി വാക്കേറ്റമുണ്ടായി. ഇതേത്തുടര്‍ന്നാണ് മൂന്നു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതെന്നും പ്രഫസര്‍ പറഞ്ഞു.
അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരേ പ്രതിഷേധ മാര്‍ച്ച് നടത്തിയ ജമ്മുകശ്മീര്‍ എംഎല്‍എ ശെയ്ഖ് അബ്ദുല്‍ റഷീദിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it