Flash News

രാജ്യത്ത് നിലനില്‍ക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് രാജിവെച്ച ബിജെപി എംഎല്‍എ

രാജ്യത്ത് നിലനില്‍ക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് രാജിവെച്ച  ബിജെപി എംഎല്‍എ
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നതായി രാജസ്ഥാനില്‍ ബിജെപിയില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഘന്‍ശ്യാം തിവാരി. സംഘപരിവാറില്‍ 66 വര്‍ഷം പ്രവര്‍ത്തിച്ച നേതാവിന്റെ രാജിയും അതോടൊപ്പം അദ്ദേഹം നടത്തിയ പ്രസ്താവനകളും ദേശീയശ്രദ്ധയാകര്‍ഷിക്കുകയാണ്. 2013ല്‍ സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച നേതാവാണിദ്ദേഹം. എതിരാളിയായ കോണ്‍ഗ്രസ്സ് നേതാവിനെ 65,350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഘന്‍ശ്യാം പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ എന്ന ഒറ്റ വ്യക്തിയിലേക്ക് പാര്‍ട്ടി ചുരുങ്ങിയതായി ഘന്‍ശ്യാം ആരോപിച്ചു. വന്‍തോതിലുള്ള അഴിമതിയെക്കുറിച്ച് താന്‍ ദേശീയ നേതൃത്വത്തെ പലവട്ടം ബോധിപ്പിച്ചിരുന്നതായി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കിയ രാജിക്കത്തില്‍ ഘന്‍ശ്യാം ഓര്‍മിപ്പിച്ചു. തന്റെ ആശയവിനിമയങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിച്ചില്ലെന്നു മാത്രമല്ല പലവട്ടം അപമാനിക്കപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ ബിജെപി ഒരു സ്വകാര്യ കച്ചവടസ്ഥാപനമായി മാറിയിരിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നതായും ഇത് പ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കാള്‍ അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മകന്‍ പുതുതായി ഒരു പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഘന്‍ശ്യാം രാജി വച്ചതെന്നത് ശ്രദ്ധേയമാണ്. ഭാരത് വാഹിനി പാര്‍ട്ടി എന്നാണ് ഈ പുതിയ പാര്‍ട്ടിയുടെ പേര്. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 200 അസംബ്ലി മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിറുത്താനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടിയില്‍ നിലവിലുള്ള സ്വേച്ഛാധിപത്യമാണ് താന്‍ രാജി വെച്ചതിന്റെ പ്രധാന കാരണമെന്ന് ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ ഘന്‍ശ്യാം പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ വ്യവസ്ഥയില്ലാത്ത, അഴിമതി നിറഞ്ഞ ഒരു പാര്‍ട്ടിയായി ബിജെപി മാറി. ഇതെല്ലാം ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ച തനിക്കെതിരേ കള്ളക്കേസുകള്‍ ചമയ്ക്കുകയാണ് വസുന്ധരരാജെ സിന്ധ്യ ചെയ്തത്. ഇതും രാജിക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it