'രാജ്യത്ത് ധൈഷണികര്‍ അഭയാര്‍ഥികളാക്കപ്പെടുന്നു'

കോഴിക്കോട്: ധൈഷണികര്‍ അഭയാര്‍ഥികളാക്കപ്പെടുന്ന അവസ്ഥയിലേക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയെ കൊണ്ടുപോവുന്നതെന്ന് ഇടതു ചിന്തകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്. ഭീമ-കൊറേഗാവ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഭരണകൂട ഭീകരതയ്‌ക്കെതിരായ ജനകീയ മുന്നണി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഇന്നു പല വിഭാഗത്തിലുള്ളവര്‍ അഭയാര്‍ഥികളാക്കപ്പെട്ടിരിക്കുകയാണ്. അസമില്‍ 40 ലക്ഷത്തോളം ജനങ്ങള്‍ ഭരണകൂടത്തിന്റെ സംശയസൂചിമുനയില്‍ നോട്ടപ്പുള്ളികളായി കഴിയുന്നു. ഇത്തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഐക്യം പറഞ്ഞ് അണിചേരുകയും അവരെ ദാര്‍ശനികമായി പിന്തുണയ്ക്കുകയും ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യുകയോ അഭയാര്‍ഥികളാക്കി മാറ്റുകയോ ആണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. മോദി അധികാരമേറ്റതു മുതല്‍ ഇന്ത്യന്‍ സമൂഹം ഈ ഭരണകൂട ഭീകരത അനുഭവിക്കുകയാണ്. 2014ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന് അന്നേവരെ ഉണ്ടായിരുന്ന സര്‍ക്കാരുകളില്‍ നിന്ന് മൗലികമായ ഒരു വ്യത്യാസമുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും നിലനിന്നിരുന്ന ജാതി പ്രത്യയശാസ്ത്ര മേല്‍ക്കോയ്മക്ക് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയ ഇന്ത്യയിലെ ആദ്യ സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തിലുള്ളത്. ഇന്ത്യയില്‍ നിലനിന്നിരുന്ന സര്‍ക്കാരുകള്‍ എല്ലാംതന്നെ ജാതി മേല്‍ക്കോയ്മ പ്രത്യയശാസ്ത്രങ്ങളുമായി സന്ധി ചെയ്തുതന്നെയാണ് ഭരിച്ചിരുന്നത്. എന്നാല്‍, മോദി ഈ അധികാര മേല്‍ക്കോയ്മക്ക് പൂര്‍ണമായും കീഴ്‌പ്പെടുകയും അതിന് ഔദ്യോഗിക പരിവേഷം ചാര്‍ത്തുകയുമാണ്. അതുകൊണ്ടാണ് ധൈഷണികരെയും ചിന്തകരെയും സംഘപരിവാരം ആദ്യം ചവിട്ടിവീഴ്ത്തുന്നത്. എന്നാല്‍, ജനാധിപത്യ ആശയങ്ങള്‍ ഉണ്ടെങ്കില്‍ വീണുകിടക്കുന്നവര്‍ എഴുന്നേല്‍ക്കുക തന്നെ ചെയ്യും. ഇത്തരത്തില്‍ വീണുകിടക്കുന്നവരെ എഴുന്നേല്‍പിക്കാന്‍ പോന്ന കരുത്തുള്ള ആശയങ്ങളാണ് ഉണ്ടാവേണ്ടതെന്നും കെഇഎന്‍ പറഞ്ഞു. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തില്‍ ഗ്രോ വാസു അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ എച്ച് നാസര്‍, എം എന്‍ രാവുണ്ണി, അഡ്വ. പി എ പൗരന്‍, കെ എസ് ഹരിഹരന്‍, സി കെ അബ്ദുല്‍ അസീസ്, സമദ് കുന്നക്കാവ്, അസ്‌ലം ചെറുവാടി, പി സി ഉണ്ണിച്ചെക്കന്‍, ഇ കെ നൗഫല്‍, അഷ്‌റഫ് കുരുവട്ടൂര്‍, സി പി റഷീദ്, പി അംബിക, കെ കെ മണി, എസ് രവി, പി പി ഷിന്റോലാല്‍, സുഗതന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it