രാജീവ് വധം: ശബ്ദപരിശോധന നടത്തണമെന്ന ഉത്തരവ് റദ്ദാക്കണമെന്നു ഹരജി

കൊച്ചി: ചാലക്കുടിയിലെ വസ്തു ഇടനിലക്കാരന്‍ രാജീവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ പേരില്‍ ശബ്ദ പരിശോധന നടത്തുന്നതിനെതിരേ ആറാംപ്രതിയുടെ ഹരജി.
പ്രതികളുമായി ബന്ധപ്പെട്ട ഫോണ്‍കോളുടെ ആധികാരികത സ്ഥിരീകരിക്കാനായി പ്രതികളുടെ ശബ്ദ പരിശോധന നടത്താന്‍ അനുമതി നല്‍കിയ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് ആറാംപ്രതി രഞ്ജിത്താണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
തന്റെ അനുമതി തേടാതെയാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരജിയില്‍ പറയുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തന്റെ ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ബന്ധപ്പെട്ടയാളുടെ അനുമതിയില്ലാതെ ശബ്ദ പരിശോധന സാധ്യമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവുണ്ട്. ഇതുവരെ നടന്ന അന്വേഷണത്തില്‍ തനിക്കെതിരേ കൊലപാതകവുമായി ബന്ധപ്പെടുത്താന്‍ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതിനാലാണ് ഇത്തരമൊരു ശ്രമം നടക്കുന്നത്. ഈ സാഹചര്യത്തില്‍ തന്റെ ശബ്ദപരിശോധനയ്ക്ക് അനുമതി നല്‍കി മജിസ്േട്രറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it