രാംദേവിനെക്കുറിച്ചുള്ള പുസ്തക വില്‍പന തടഞ്ഞു

ന്യൂഡല്‍ഹി: ബാബ രാംദേവിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ വില്‍പന ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. ഗോഡ്മാന്‍ ടു ടൈക്കൂണ്‍: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ്് ബാബ രാംദേവ്് എന്ന പുസ്തകത്തിന്റെ വില്‍പനയാണ് കോടതി തടഞ്ഞത്. രാംദേവിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ നിന്നു നീക്കിയാല്‍ മാത്രമേ വില്‍പനയ്ക്ക് അനുമതി നല്‍കൂവെന്ന് ജസ്റ്റിസ് അനു മല്‍ഹോത്രയുടെ ബെഞ്ച് വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകയായ പ്രിയങ്ക പട്‌നായിക് നരൈന്‍ ആണ് രാംദേവിന്റെ വ്യാവസായികരംഗത്തെ വളര്‍ച്ച സംബന്ധിച്ച പുസ്തകം രചിച്ചത്. പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്‍പനയും തടഞ്ഞുകൊണ്ട് കഴിഞ്ഞവര്‍ഷം ആഗസ്ത് 7ന് വിചാരണക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഈ വര്‍ഷം ഏപ്രിലില്‍ നിരോധനം കോടതി എടുത്തുമാറ്റി. നിരോധനം എടുത്തുമാറ്റിയതിനെതിരേ രാംദേവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ബാബ രാംദേവിനെതിരേ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന് പുസ്തക വില്‍പന വീണ്ടും വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് അനു മല്‍ഹോത്ര പറഞ്ഞു.
രാംദേവിന്റെ പതഞ്ജലി എന്ന കമ്പനിയുടെ പ്രവര്‍ത്തനത്തെ ആഴത്തില്‍ പരിശോധിക്കുകയാണ് പുസ്തകമെന്ന് പ്രസാധകര്‍ കോടതിയില്‍ പറഞ്ഞു. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ രാംദേവ് വില്ലനാണെന്ന സംശയം ജനിപ്പിക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it