thrissur local

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് പരിസമാപ്തി കുറിച്ച് കുന്നംകുളം എസിപി

കുന്നംകുളം: പി വിശ്വംഭരന്‍ പോലിസ് സേനയില്‍ നിന്ന് പടിയിറങ്ങി. സംസ്ഥാന പോലിസിന്റെ അഭിമാനമുയര്‍ത്തിയ നിരവധിയായ കുറ്റകൃത്യങ്ങള്‍ മികവാര്‍ന്ന അന്വേഷണത്തിലൂടെ തെളിയിച്ചും ചരിത്രത്തിലിടം നേടിയ സംഭവങ്ങളില്‍ ഭാഗഭാക്കായുമാണ് വിശ്വംഭരന്റെ പടിയിറക്കം.
രണ്ട് വര്‍ഷത്തെ സേവന കാലയളവില്‍ വ്യാപാര നഗരിയുടെ സമസ്ത മേഖലകളിലും നിറസാന്നിധ്യമാകാനും പോലിസിനെ ജനകീയമാക്കുന്നതിനും സാധിച്ച ചാരിതാര്‍ഥ്യത്തിലാണ് വിശ്വംഭരന്‍ വിരമിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 22 വര്‍ഷം മുന്‍പാണ് വിശ്വംഭരന്‍ സബ്ബ് ഇന്‍സ്‌പെക്ടറായി പോലിസ് സേനയില്‍ അംഗമാകുന്നത്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് സര്‍വ്വീസിലെ ആദ്യ കാലഘട്ടത്തില്‍ ജോലി ചെയ്തത്. കേരളത്തെ പിടിച്ച് കുലുക്കിയ മുത്തങ്ങ വെടിവെപ്പ് നടക്കുമ്പോള്‍ ലോക്കല്‍ സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി വിശ്വംഭരനായിരുന്നു. ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ എന്തിനും മടിയിലാതെ നിന്നിരുന്ന സംഘം ബന്ദിയാക്കിയ പോലിസ് കോണ്‍സ്റ്റബിളിനെയും വനപാലകനെയും മാധ്യമ പ്രവര്‍ത്തകരെയും രക്ഷപ്പെടുത്തുന്നതിനായി ഗത്യന്തരമില്ലാതെ വെടിയുതിര്‍ക്കുമ്പോള്‍ വിശ്വംഭരന്‍ ഉണ്ടായിരുന്നു സേനയെ മുന്നില്‍ നിന്നു നയിക്കാന്‍. സി.പി.എം-ബി.ജെ.പി.അക്രമ പരമ്പരകളും കൊലപാതകളും നിത്യസംഭവമായ കണ്ണൂരില്‍ ജീവന്‍ പണയം വെച്ച് പോലിസ് സേനാംഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. തിരുവോണ ദിനത്തില്‍ സ്വന്തം വീട്ടില്‍ ഭക്ഷണം കഴിക്കവെ പി ജയരാജന്‍ അക്രമിക്കപ്പെടുമ്പോള്‍ തലശ്ശേരി സ്‌റ്റേഷന്‍ ചുമതല വിശ്വംഭരനായിരുന്നു. ജയരാജന്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂരില്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടേതുള്‍പ്പെടെ ഏഴ് കൊലപാതകങ്ങളാണ് അരങ്ങേറിയത്.
ക്രമസമാധാനം വീണ്ടെടുക്കാനും പോലിസ് സേനയുടെ മനോവീര്യം തകരാതെ മുന്നില്‍ നിന്ന് നയിച്ചതുമുള്‍പ്പെടെ ചരിത്രത്തിലിടം നേടിയ നിരവധിയായ സംഭവങ്ങളില്‍ പി വിശ്വംഭരന്‍ എന്ന പോലിസ് ഓഫീസറുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കേരളവര്‍മ്മയിലെ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ ക്രിക്കറ്റില്‍ സജീവമായ വിശ്വംഭരന്‍ കേരള ടീമിനായും പിന്നീട് കളിക്കുകയുണ്ടായി. മികച്ച ഓള്‍റൗണ്ടറായിരുന്ന വിശ്വംഭരന് സുഹൃത് വലയത്തിനുള്ളില്‍ കപില്‍ദേവ് എന്ന വിളിപേരും ലഭിക്കുകയുണ്ടായി. സംസ്ഥാന ജൂനിയര്‍ ടീമുകളുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട് വിശ്വംഭരന്‍.
വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം മാധ്യമ പ്രവര്‍ത്തനത്തിലും ഒരു കൈനോക്കി. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിലാണ് ജോലി ചെയ്തത്.  രണ്ട് വര്‍ഷത്തെ കുന്നംകുളത്തെ സേവനത്തിനൊടുവില്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ചരിത്രത്തിന്റെ ഭാഗമായാണ് വിശ്വംഭരന്റെ പടിയിറക്കം. റൂറലില്‍ ആയിരുന്ന കുന്നംകുളം പോലിസ് സബ്ബ് ഡിവിഷണല്‍ സിറ്റിയിലേക്ക് മാറിയത് മാസങ്ങള്‍ക്ക് മുന്‍പാണ്. കുന്നംകുളത്തെ അവസാന ഡിവൈഎസ്പിയും ആദ്യ എസിപിയും പി.വിശ്വംഭരനാണ്. അത് കാലം മായ്ക്കാത്ത ചരിത്രം.
Next Story

RELATED STORIES

Share it