Kottayam Local

രണ്ടു കിലോ കഞ്ചാവുമായി മൂന്നു ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍

ചങ്ങനാശ്ശേരി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി മൂന്നു ബംഗാളികള്‍ അറസ്റ്റില്‍.
ബംഗാള്‍ സാമ്പല്‍പ്പൂര്‍ ജില്ലക്കാരായ സഹദൂര്‍ഖാന്‍ (24), സാദിഖുല്‍ ഇസ്‌ലാം (30), ഗുലാം ശുക്കൂര്‍ മിയാ റബാനി (28) എന്നിവരാണ് ചങ്ങനാശ്ശേരി പോലിസിന്റെ പിടിയിലായത്. കോട്ടയം തുരുത്തിക്കടവില്‍ വര്‍ഷങ്ങളായി വാടകയ്ക്കു താമസിക്കുകയാണ് ഇവര്‍. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാട് നാലുകോടിയില്‍ കഞ്ചാവു വിതരണത്തിനായി എത്തിച്ചപ്പോള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. ബംഗാളിലെ നാദിയ ജില്ലയില്‍ നിന്നു ചുരുങ്ങിയ വിലയ്ക്കുവാങ്ങി വര്‍ങ്ങളായി ഷാലിമാര്‍ എക്‌സ്പ്രസില്‍ കേരളത്തില്‍ എത്തിച്ചായിരുന്നു വിതരണം. ഗുണ്ടകളെയും നിയമവിരുധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരെയും കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശാനുസരണം സംസ്ഥാനത്തൊട്ടാകെ ഒരാഴ്ചക്കാലമായി പരിശോധനകള്‍ ശക്തമായി നടന്നുവരികയാണ്. അതിന്റെ ഭാഗമായിട്ടു കൂടി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്്.
ചങ്ങനാശ്ശേരിയില്‍ നാലു ദിവസമായി നടന്നുവരുന്ന പരിശോധനയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന നിരവധിപേരെ കണ്ടെത്തിയിട്ടുണ്ട്.
ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, തൃക്കൊടിത്താനം എസ്‌ഐ റിച്ചാര്‍ഡ്, സി പി  അജികുമാര്‍, ആന്റി ഗുണ്ടാസ്‌ക്വാഡ് പോലിസ് ഓഫിസര്‍മാരായ  കെ കെ റെജി, ആന്റണി, പ്രതീഷ്‌ലാല്‍ അരുണ്‍, അന്‍സാരി, മണികണ്ഠന്‍, എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവുമായി ഇന്നലെ അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it