രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം: വിജിലന്‍സ് കോടതി

കോട്ടയം: എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോര്‍ട്ടിലേക്ക് പാടം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ ത്വരിതാന്വേഷണ റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കോട്ടയം വിജിലന്‍സ് കോടതിയുടെ കര്‍ശന നിര്‍ദേശം. അവ്യക്തത നീക്കാനായി റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ മടക്കിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും ജനുവരി 4ന് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞ നാലിനായിരുന്നു ത്വരിതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നതെങ്കിലും വിജിലന്‍സ് സാവകാശം ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തില്ലാതിരുന്നതിനാല്‍ തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ കലക്ടര്‍മാരായ സൗരഭ് ജെയിന്‍, വേണുഗോപാല്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും മൊഴിയെടുത്ത് റിപോര്‍ട്ട് സമര്‍പ്പിക്കാനായി മൂന്നാഴ്ച അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ രാജ്‌മോഹന്‍ ആര്‍ പിള്ള ആവശ്യപ്പെട്ടെങ്കിലും 15 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. അതിനിടെ, കോട്ടയം വിജിലന്‍സ് എസ്പി ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അവ്യക്തത നീക്കണമെന്നു ചൂണ്ടിക്കാട്ടി ഇന്നലെ രാവിലെ വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഫയല്‍ മടക്കി. തോമസ് ചാണ്ടിക്കെതിരേ ആലപ്പുഴ സ്വദേശി അഡ്വ. സുഭാഷ് എം തീക്കാടന്‍ നല്‍കിയ പരാതിയില്‍ നവംബര്‍ 4നാണ് പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഒരുമാസമായിരുന്നു സമയം. അതേസമയം, തോമസ് ചാണ്ടിയെ സഹായിക്കാനായി വിജിലന്‍സ് മനപ്പൂര്‍വം കാലതാമസം വരുത്തുകയാണെന്നു പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it