രണ്ടാം മിന്നലാക്രമണം നടന്നെന്ന സൂചനയുമായി രാജ്‌നാഥ് സിങ്‌

ന്യൂഡല്‍ഹി: പാകിസ്താന്‍ സൈന്യത്തിനും അതിര്‍ത്തിക്കപ്പുറത്തുള്ള സായുധസംഘങ്ങള്‍ക്കുമെതിരേ ശക്തമായ ആക്രമണം നടത്തിയെന്ന സൂചനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ചിലത് നടന്നിട്ടുണ്ട്. അത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നത് എന്നു മാത്രം പറയാം. രണ്ടുമൂന്നു ദിവസങ്ങള്‍ക്കു മുമ്പ് വളരെ വലിയ കാര്യം നടന്നിട്ടുണ്ട്. എന്താണ് നടന്നതെന്ന് നിങ്ങള്‍ അടുത്തുതന്നെ അറിയും- രാജ്‌നാഥ് സിങ് പറഞ്ഞു.
വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ഭഗത് സിങ് പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമുള്ള പ്രസംഗത്തിലാണ് രാജ്‌നാഥ് സിങ് പാകിസ്താനില്‍ വീണ്ടും മിന്നലാക്രമണം നടത്തിയതിന്റെ സൂചന നല്‍കിയത്. സാംബ ജില്ലയില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ നരേന്ദ്ര സിങിന്റെ മരണത്തിനു മറുപടിയായി പാക് മേഖലയില്‍ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. ശക്തമായ തിരിച്ചടിയില്‍ പാകിസ്താന് കനത്ത നഷ്ടവും പരിക്കും ഏറ്റിട്ടുണ്ടെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
പാകിസ്താന്‍ വെടിവയ്പു നടത്തുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണമെടുക്കാതെ ശക്തമായി തിരിച്ചടിക്കാനാണ് സൈനികരോട് പറയാറുള്ളതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.ഈ മാസം 18നാണ് രാജ്യാന്തര അതിര്‍ത്തിക്കു സമീപം രാംഗഡ് മേഖലയില്‍ ബിഎസ്എഫ് ജവാന്മാര്‍ക്കെതിരേ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട നരേന്ദ്ര സിങിന്റെ മൃതദേഹം പാകിസ്താനിലേക്ക് കടത്തിക്കൊണ്ടുപോയി. നെഞ്ചില്‍ മൂന്നു ബുള്ളറ്റുകളും കഴുത്തറുത്ത നിലയിലും മൃതദേഹം കണ്ടെത്തി. ഇതിനു പിന്നാലെ, ആവശ്യമെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്താന്‍ ഇന്ത്യ തയ്യാറാണെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
2016ല്‍ അതിര്‍ത്തിയില്‍ നടന്ന മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം പരാക്രം പര്‍വ് എന്ന പേരില്‍ രാജ്യം ആചരിക്കുകയാണ്. മൂന്നു ദിവസം നീളുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് അനുസ്മരണം 51 നഗരങ്ങളിലെ 53 വേദികളിലാണ് നടക്കുന്നത്.

Next Story

RELATED STORIES

Share it