രണ്ടാം മലേഗാവ് സ്‌ഫോടനം: പുരോഹിത് ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി

മുംബൈ: 2008ലെ മലേഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതും അഭിനവ് ഭാരത് നേതാവ് സന്ന്യാസിനി പ്രജ്ഞാസിങ് ഠാക്കൂറും ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്കെതിരേ എന്‍ഐഎ കോടതി നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യുഎപിഎ)പ്രകാരം കുറ്റം ചുമത്തി. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
കുറ്റം ചുമത്തുന്നത് നീട്ടിവയ്ക്കണമെന്ന് പുരോഹിത് ഉള്‍പ്പെടെയുള്ള പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അതു നിരാകരിച്ചു. പുരോഹിതിനെയും പ്രജ്ഞയെയും കൂടാതെ റിട്ട. മേജര്‍ രമേഷ് ഉപാധ്യായ്, അജയ് രാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് മറ്റു പ്രതികള്‍.
സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മുഖ്യപ്രതി പുരോഹിത് ഉള്‍പ്പെടെയുള്ളവര്‍ ജയില്‍മോചിതരായിരുന്നു. ഒമ്പതു വര്‍ഷം വിചാരണത്തടവുകാരായി ജയിലില്‍ കഴിഞ്ഞശേഷമാണ് സുപ്രിംകോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നത്. 2008 സപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. റമദാന്‍ പ്രാര്‍ഥനകള്‍ക്കുശേഷം മസ്ജിദില്‍ നിന്നു മടങ്ങിയവരാണ് കൊല്ലപ്പെട്ടത്. ഹിന്ദുത്വര്‍ നടത്തിയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 11 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം ആദ്യം തയ്യാറാക്കിയത്. പിന്നീട് ചിലരെ കോടതി കുറ്റവിമുക്തരാക്കി. 37 പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2006ലെ ഒന്നാം മലേഗാവ് സ്‌ഫോടനക്കേസിനു പിന്നിലും ഹിന്ദുത്വശക്തികളാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. ആദ്യം മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത കേസില്‍ എട്ട് പ്രതികളെയും തെളിവില്ലെന്നു കണ്ട് മുംബൈയിലെ പ്രത്യേക കോടതി വെറുതെവിട്ടിരുന്നു.
കേസ് ആദ്യം അന്വേഷിച്ചിരുന്ന എടിഎസ് ലശ്കറെ ത്വയ്യിബയുമായി ചേര്‍ന്ന് സിമി പ്രവര്‍ത്തകരാണ് സ്‌ഫോടനം നടത്തിയതെന്ന് ആരോപിച്ചാണ് മുസ്‌ലിംയുവാക്കളെ അറസ്റ്റ് ചെയ്തത്. 2011ല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് ഹിന്ദുത്വരാണ് ഇരു ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് കണ്ടെത്തിയത്. കേസ് നവംബര്‍ 2ന് വീണ്ടും വാദം കേള്‍ക്കും.

Next Story

RELATED STORIES

Share it