രണ്ടാംദിനവും സഭ സ്തംഭിച്ചു

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാം ദിവസവും നിയമസഭാ നടപടികള്‍ തടസ്സപ്പെട്ടു. നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ ബഹളത്തില്‍ സഭ സ്തംഭിച്ചതോടെ നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കി സഭ നേരത്തേ പിരിഞ്ഞു. ആദ്യദിനത്തിനു സമാനമായി ഇന്നലെ രാവിലെ 8.30ന് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിന് മുന്നില്‍ ബാനറും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.  8.40ഓടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഡയസ് വിട്ടുപോയി. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
9.20ന് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം ഡയസിലെത്തി വീണ്ടും സഭ തടസ്സപ്പെടുത്തി. മുഖം മറയ്ക്കുന്ന തരത്തില്‍ ബാനറുകള്‍ ഉയര്‍ത്തിയതിനെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ശക്തമായി വിമര്‍ശിച്ചു. പിന്നീട് ചോദ്യോത്തരവേള റദ്ദാക്കുകയാണെന്ന് അറിയിച്ച സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ശൂന്യവേളയില്‍ മണ്ണാര്‍ക്കാട്ടെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവും അട്ടപ്പാടിയിലെ മധുവിന്റെ മരണവും സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. എന്‍ ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് തള്ളിയതു പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
ജനാധിപത്യത്തെ മാനിക്കുന്നുണ്ടെങ്കില്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവിനോട് പലതവണ സ്പീക്കര്‍ ആവശ്യപ്പെട്ടു.  കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
Next Story

RELATED STORIES

Share it