Pathanamthitta local

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍: ചൂഷണം കുറഞ്ഞു; മുദ്രപത്ര തട്ടിപ്പിനും അറുതിയായി

പത്തനംതിട്ട: പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രജിസ്‌ട്രേഷന്‍ വകുപ്പ് ജില്ലയില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതോട് ചൂഷണങ്ങള്‍ കുറഞ്ഞു. ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപത്രങ്ങള്‍ക്ക് ഇ-സ്റ്റാമ്പിങ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ വ്യാജ മുദ്രപത്രങ്ങള്‍ പൂര്‍ണമായും തടയാനായി.
ഇടപാടുകാര്‍ക്ക് ഓണ്‍ലൈനായി പണമടച്ച് മുദ്രപത്രം ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ഇസ്റ്റാമ്പിങിന്റെ പ്രത്യേകത. ഇടനിലക്കാരില്ലാതെ നേരിട്ട് മുദ്രപത്രങ്ങള്‍ ലഭിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. രജിസ്‌ട്രേഷന്‍ വകുപ്പിലെ വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഒടുക്കുന്നതിന് ഇപേമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയതും ഗുണകരമായി. ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, സ്‌പെഷല്‍ മാര്യേജ് രജിസ്‌ട്രേഷന്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ ഇപേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പഴയ ആധാരങ്ങള്‍ ഡിജിറ്റല്‍ പതിപ്പുകളാക്കുന്ന സംവിധാനവും രജിസ്‌ട്രേഷന്‍ വകുപ്പ് നടത്തുന്നുണ്ട്. ഈ സേവനത്തിന് 310 രൂപയാണ് വകുപ്പ് ഈടാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ ആധാരങ്ങളില്‍ മുദ്രവില കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കിയതില്‍ 24.70 ലക്ഷം രൂപയാണ് ജില്ലയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് ലഭിച്ചത്.
ഭൂമി ഇടപാടുകള്‍ക്ക് സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും നടപ്പിലാക്കി.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ആധാരങ്ങളും രജിസ്‌ട്രേഷന് ശേഷം ഓണ്‍ലൈനായി വില്ലേജ് ഓഫീസുകളിലേക്ക് പോക്കുവരവിനായി നല്‍കുകയാണ് ചെയ്യുന്നത്. ആധാരവും ഇതുമായി ബന്ധപ്പെട്ട ഫോമുകളുമായി പോക്കുവരവ് ചെയ്യുന്നതിന് ജനങ്ങള്‍ വില്ലേജ് ഓഫീസുകളിലേക്ക് എത്തേണ്ട സ്ഥിതി ഇപ്പോഴില്ല. ആധാരം രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ ഇതിന്റെ പകര്‍പ്പുകളും ബന്ധപ്പെട്ട രേഖകളും വില്ലേജ് ഓഫീസുകളില്‍ എത്തും. നിശ്ചിത സമയത്തിനുള്ളില്‍ ഈ രേഖകള്‍ ഉപയോഗിച്ച് ഭൂമി പോക്കുവരവ് ചെയ്തു നല്‍കേണ്ട ഉത്തരവാദിത്വം വില്ലേജ് ഓഫീസര്‍ക്കാണ്.
Next Story

RELATED STORIES

Share it