രജിസ്റ്റര്‍ ചെയ്ത സംഘടനകളുടെ പേര് വെളിപ്പെടുത്തണം

ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കെതിരായ ക്രൂരകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്നു മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രിംകോടതിയില്‍ വാദം കേള്‍ക്കവേയാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്.
മേല്‍പ്പറഞ്ഞ നിയമം പൗരസമൂഹ സംഘടനകള്‍ക്ക് മൃഗസംരക്ഷണത്തിനുള്ള അധികാരം നല്‍കാനുള്ളതാണ്. എന്നാല്‍, പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍ സര്‍ക്കാര്‍ അംഗീകാരമായി മാറുകയാണ്. വാഹനങ്ങള്‍ തടയാനും പരിശോധന നടത്താനും മൃഗങ്ങളെ പിടിച്ചെടുക്കാനുമുള്ള പോലിസിന്റെ അധികാരം ഇത്തരം സംഘങ്ങള്‍ക്ക് ലഭിക്കുന്നു. 2001ല്‍ നിലവില്‍ വന്ന ഈ ചട്ടം എന്തുകൊണ്ട് ഇത്രയും കാലം ചോദ്യം ചെയ്യപ്പെട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ഭുതം പ്രകടിപ്പിച്ചു.
സര്‍ക്കാര്‍ അംഗീകാരമുള്ള ഇത്തരം ഗ്രൂപ്പുകളുടെ പട്ടിക നല്‍കാന്‍ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കണമെന്നു ജയ്‌സിങ് നിര്‍ദേശിച്ചു. തുടര്‍ന്ന്, വിഷയത്തില്‍ പ്രത്യേകം ഹരജി ഫയല്‍ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ആല്‍വാറില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ ആക്രമണത്തിനിരയായ ആളെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് പശുക്കളെ തൊഴുത്തില്‍ കെട്ടാന്‍ തിടുക്കം കാണിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയോ സ്ഥലംമാറ്റമോ ഉണ്ടാവാത്തതിനെയും ഇന്ദിര ജയ്‌സിങ് ചോദ്യം ചെയ്തു.
ഈ സംഭവത്തില്‍ ഇതുവരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ സംഭവത്തില്‍ സര്‍വീസ് ചട്ടപ്രകാരം സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെന്നും കോണ്‍സ്റ്റബിള്‍മാരെ സ്ഥലംമാറ്റിയെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. സംഭവത്തില്‍ കുറ്റാരോപിതരായ നാലുപേരില്‍ മൂന്നുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. കുറ്റപത്രം ഇന്നലെ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും മേത്ത ഉറപ്പു നല്‍കി.

Next Story

RELATED STORIES

Share it