Flash News

യോഗ്യതാ നിര്‍ണയ പരീക്ഷാ നടത്തിപ്പിന് പുതിയ ഏജന്‍സി

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍-എന്‍ജിനീയറിങ് രംഗത്തേക്കുള്ള പ്രവേശനപ്പരീക്ഷകളില്‍ അടിമുടി മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടു തവണയായിരിക്കും ഇനി പ്രവേശന പരീക്ഷകള്‍ നടത്തുക. മെഡിക്കല്‍-ഡെന്റല്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരിയിലും മെയിലും നടത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലേക്കുള്ള പ്രവേശനപ്പരീക്ഷ ജെഇഇ മെയിന്‍ രണ്ടു തവണയായി ജനുവരിയിലും ഏപ്രിലിലും നടക്കും.
ഇതുവരെ സിബിഎസ്ഇയും യുജിസിയും നടത്തിവന്നിരുന്ന പരീക്ഷകള്‍ ഇനി മുതല്‍ പുതുതായി രൂപീകരിച്ച ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ)യായിരിക്കും നടത്തുകയെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. അഞ്ചു പ്രവേശനപ്പരീക്ഷകളാണ് ഇനി മുതല്‍ എന്‍ടിഎ നടത്തുന്നത്. അതേസമയം, ഐഐടികള്‍ ജെഇഇ അഡ്വാന്‍സ് പരീക്ഷകള്‍ നടത്തുന്നത് തുടരും.
പുതിയ പരിഷ്‌കാരം വിദ്യാര്‍ഥിസൗഹൃദവും സുതാര്യവും വിശ്വാസയോഗ്യവും ശാസ്ത്രീയവുമാണെന്നാണ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പരീക്ഷകളെ ഉയര്‍ത്താനാണ് പുതിയ ഏജന്‍സിയെ ഏല്‍പിച്ചത്. പരീക്ഷകളുടെ നടത്തിപ്പിലുണ്ടാകുന്ന ക്രമക്കേടുകളും തട്ടിപ്പുകളും പുതിയ സംവിധാനത്തിലൂടെ ഇല്ലാതാവും. ചോദ്യപേപ്പര്‍ ചോര്‍ച്ച എന്ന എക്കാലത്തെയും വലിയ വെല്ലുവിളി ഇതോടെ പൂര്‍ണമായും ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.
വര്‍ഷത്തില്‍ രണ്ടു തവണ നടക്കുന്ന പ്രവേശനപ്പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടുന്നവര്‍ക്കാണ് അഡ്മിഷന്‍ ലഭിക്കുന്നത്. ജെഇഇ മെയിന്‍ പരീക്ഷയും ഇതേ രീതിയില്‍ തന്നെയാണ് നടത്തുന്നത്. ഒരു വര്‍ഷം മാത്രം പരീക്ഷ എഴുതിയവര്‍ അയോഗ്യരാവുകയുമില്ല. കംപ്യൂട്ടര്‍ വഴിയുള്ള പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ നിന്നോ അംഗീകൃത കംപ്യൂട്ടര്‍ സെന്ററുകളില്‍ നിന്നോ പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താം.
ഗ്രാമീണമേഖലയിലെ കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിനായി പ്രത്യേക കേന്ദ്രങ്ങള്‍ എന്‍ടിഎ സ്ഥാപിക്കും. ഇതിനായി സ്‌കൂളുകളിലെയും കോളജുകളിലെയും കംപ്യൂട്ടര്‍ സെന്ററുകള്‍ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റും. ഇവിടങ്ങളില്‍ ആഗസ്ത് അവസാന വാരം മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്കു സൗജന്യ പരിശീലനം നേടാം.
നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ പ്രതിവര്‍ഷം രാജ്യത്തെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് എഴുതുന്നത്. 2018ലെ നീറ്റ് പരീക്ഷ 13.36 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്. 11.5 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ജെഇഇ മെയിന്‍ പരീക്ഷ എഴുതിയത്.
2017-18 വര്‍ഷത്തെ ബജറ്റില്‍ ശുപാര്‍ശ ചെയ്ത എന്‍എടിക്ക് കഴിഞ്ഞ വര്‍ഷം നവംബര്‍ 10നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. 1860ലെ ഇന്ത്യന്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമത്തിന്റെ കീഴിലാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. സിബിഎസ്ഇ നടത്തിവന്നിരുന്ന ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രവേശനപ്പരീക്ഷകളെല്ലാം എന്‍ടിഎക്കു കീഴിലാക്കുമെന്ന് കാബിനറ്റ് തീരുമാനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയമിക്കുന്ന വിദ്യാഭ്യാസ വിദഗ്ധനാണ് എന്‍ടിഎയുടെ തലവന്‍.
Next Story

RELATED STORIES

Share it