യോഗി സര്‍ക്കാരിനെതിരേ മന്ത്രിസഭാംഗം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രിസഭാംഗം. പാവങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അയോധ്യ പ്രശ്‌നം ഉപയോഗപ്പെടുത്തുകയാണെന്നു മന്ത്രി ഓംപ്രകാശ് രാജ്ഭര്‍ പറഞ്ഞു.
ബിജെപി സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവാണ് രാജ്ഭര്‍. സഖ്യകക്ഷിയാണെങ്കിലും കാര്യങ്ങള്‍ ശരിയായ ദിശയിലല്ലെങ്കില്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. ഭരണത്തില്‍ പാളിച്ചകള്‍ പരസ്യമാവുമ്പോഴെല്ലാം വര്‍ഗീയമായ പ്രശ്‌നങ്ങള്‍ എടുത്തിട്ട് ശ്രദ്ധതിരിക്കുന്നത് ബിജെപി സര്‍ക്കാരിന്റെ പതിവാണ്. ബിജെപിയെ കുറിച്ച് ഞാന്‍ ആശയക്കുഴപ്പത്തിലാണ്. പാവങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവര്‍ ക്ഷേത്രങ്ങളേയും പള്ളികളേയും ഹിന്ദുക്കളേയും മുസ്‌ലിംകളേയും കുറിച്ചൊക്കെ പറയാന്‍ തുടങ്ങും- മന്ത്രി പറഞ്ഞു. ഞാന്‍ മന്ത്രിപദവിയിലിരിക്കുന്നത് അധികാരത്തിന്റെ രുചി അറിയാനല്ലെന്നും പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളാനാണെന്നും മന്ത്രി പറഞ്ഞു. താന്‍ മന്ത്രിയുടെ ജോലിയാണോ ചെയ്യേണ്ടത് അതോ ബിജെപിയുടെ അടിമയായി തുടരണോ എന്നും അദ്ദേഹം ചോദിച്ചു. ഒരു പാര്‍ട്ടി ഓഫിസ് പോലും ഉണ്ടാക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചിട്ടില്ലെന്നും രാജ്ഭര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it