യോഗങ്ങളില്‍ പങ്കെടുത്തത് ചുമതലയുടെ ഭാഗമായാണെന്ന പുരോഹിതിന്റെ വാദം തള്ളി

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനത്തിനുമുമ്പ് ഫരീദാബാദിലും ഭോപാലിലും നടന്ന ഗൂഢാലോചനാ യോഗങ്ങളില്‍ പങ്കെടുത്തത് ഔദ്യോഗിക ചുമതലയുടെ ഭാഗമായാണെന്ന കേസിലെ ഒമ്പതാം പ്രതി ലെഫ്റ്റനന്റ് കേണല്‍ പ്രശാന്ത് പുരോഹിതിന്റെ അവകാശവാദം പ്രത്യേക എന്‍ഐഎ കോടതി തള്ളി. സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെന്ന തന്റെ ഔദ്യോഗിക ചുമതലയുടെ ഭാഗമായി മേലുദ്യോഗസ്ഥരുടെ അനുമതിയോടെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നായിരുന്നു പുരോഹിത് അവകാശപ്പെട്ടത്. എന്നാല്‍, ഇതുതെളിയിക്കുന്ന രേഖകളൊന്നുമില്ലെന്ന് പ്രത്യേക കോടതി ജഡ്ജി എസ് ഡി തെകലെയുടെ  ഉത്തരവില്‍ വ്യക്തമാക്കി. ഗൂഢാലോചനയുടെ സമയത്ത് പുരോഹിത് അവധിയിലായിരുന്നതായും യോഗങ്ങള്‍ പൊതു അവധി ദിനങ്ങളില്‍ സംഘടിപ്പിച്ചിരുന്നതായും കോടതി നിരീക്ഷിച്ചു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പുരോഹിത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഒമ്പതാം പ്രതിയായ പുരോഹിതിന്റെ നേതൃത്വത്തിലാണ് യോഗങ്ങള്‍ സംഘടിപ്പിച്ചതെന്ന് യോഗങ്ങളുടെ ശബ്ദരേഖ വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. 10ാംപ്രതി സുധാകര്‍ ദ്വിവേദിയാണ് യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിച്ചത്. യോഗത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഗൃഹപാഠം ചെയ്ത് തയ്യാറായാണ് ഒമ്പതാം പ്രതി പുരോഹിത് എത്തിയതെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it