യോഗം ബഹിഷ്‌കരിച്ച് കെ വി തോമസ് എംപി

കൊച്ചി: മഴക്കെടുതിയെ കുറിച്ച് വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം തീരപ്രദേശങ്ങളെ അവഗണിച്ചതില്‍ നിരാശ പരസ്യമാക്കി കെ വി തോമസ് എംപി. കേന്ദ്രസംഘത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും സംഘവും ചെല്ലാനത്തെത്തുന്നതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
ചെല്ലാനത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് കെ വി തോമസ് പറഞ്ഞു. എന്നാല്‍, പിന്നീട് തീരുമാനം മാറ്റിയ മന്ത്രി ചെല്ലാനത്തെ ജനപ്രതിനിധികളും പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. ഈ യോഗത്തില്‍ നിന്നു കെ വി തോമസ് വിട്ടുനിന്നു.
നിലവില്‍ ചെല്ലാനം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ പ്രകൃതിദുരന്തങ്ങള്‍ക്ക് പരിഹാരം കടല്‍ഭിത്തികളാണെന്ന് കെ വി തോമസ് പറഞ്ഞു. ഇതിന്റെ നിര്‍മാണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കണം. മഴക്കെടുതിയെ കുറിച്ച് വിലയിരുത്താന്‍ എത്തിയ കേന്ദ്രസന്ദര്‍ശനം പ്രഹസനമാണെന്നും എംപി ആരോപിച്ചു.
Next Story

RELATED STORIES

Share it