Flash News

യൂറോ അണ്ടര്‍ 21 ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നാളെ : ജര്‍മനിയും സ്‌പെയിനും നേര്‍ക്കുനേര്‍



ലണ്ടന്‍: യൂറോ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കരുത്തരായ ജര്‍മനിയും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടും. ആവേശം നിറഞ്ഞു നിന്ന സെമിയില്‍ അണ്ടര്‍ 21 ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ജര്‍മനിയുടെ ഫൈനല്‍ പ്രവേശനം. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 സമനില പങ്കിട്ടതിനെത്തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 3-2 ന് ജര്‍മനി വിജയം സ്വന്തമാക്കുകയായിരുന്നു. അതേ സമയം ഇറ്റലിയെ 3-1 ന് തറപറ്റിച്ചാണ് സ്‌പെയിന്‍ ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. നാളെയാണ് ഫൈനല്‍ മല്‍സരം നടക്കുന്നത്.ഇഞ്ചോടിഞ്ച് പോരാട്ടം നിറഞ്ഞുനിന്ന ഇംഗ്ലണ്ട് - ജര്‍മനി പോരാട്ടത്തില്‍ ആദ്യം ലീഡെടുത്തത് ജര്‍മനിയാണ്. 35ാം മിനിറ്റില്‍ സെല്‍ക്കെയാണ് ജര്‍മനിയുടെ അക്കൗണ്ട് തുറന്നത്. എന്നാല്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഗ്രയിലിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു. 50ാം മിനിറ്റില്‍ ടാമി അബ്രഹാമിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് ലീഡുയര്‍ത്തിയെങ്കിലും 70ാം മിനിറ്റില്‍ പ്ലാറ്റെയിലൂടെ ജര്‍മനി ഗോള്‍ മടക്കി. അധിക സമയത്തും സമനില തുടര്‍ന്നതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.ഫൈനല്‍ പ്രതീക്ഷയില്‍ കിക്കെടുക്കാനെത്തിയ ഇംഗ്ലണ്ടിന്റെ രണ്ട് ഷോട്ടുകളെ ജര്‍മന്‍ ഗോളി പോളര്‍ബെക്ക് തടുത്തിട്ടു. രണ്ടാം കിക്കെടുത്ത ടാമി അബ്രഹാമിന്റെ ഷോട്ടും അഞ്ചാം കിക്കെടുത്ത നദാന്‍ റെഡ്മന്‍ഡിന്റെ ഷോട്ടുമാണ് പോളര്‍ബിക്കിന്റെ മികവിന് മുന്നില്‍ നിഷ്പ്രഭമായത്. ഇംഗ്ലണ്ട് ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് ജര്‍മനിയുടെ യാനിക് ഗെര്‍ഹാഡിന്റെ കിക്ക് തടഞ്ഞ് ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാനായില്ല.അത്‌ലറ്റിക്കോ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ സോള്‍ നിഗ്വുസ് ഹാട്രിക്ക് ഹീറോ ആയതാണ് സ്‌പെയ്‌നിന് സെമി ജയം എളുപ്പമാക്കിയത്. 53, 65, 74 മിനുട്ടുകളിലായിരുന്നു സ്‌കോറിംങ്. 58ാം മിനിറ്റില്‍  ഗാഗ്ലിയാര്‍ഡിനി ചുവപ്പ് കാര്‍ഡ് കണ്ടു. 62ാം മിനിറ്റില്‍ ബെര്‍നാര്‍ഡെചിയാണ് ഇറ്റലിയുടെ ആശ്വാസ ഗോള്‍ നേടിയത്.
Next Story

RELATED STORIES

Share it