Flash News

യൂറോപ്പാ ലീഗ് കിരീടം അത്‌ലറ്റികോ മാഡ്രിഡിന്

യൂറോപ്പാ ലീഗ് കിരീടം അത്‌ലറ്റികോ മാഡ്രിഡിന്
X

ലിയോണ്‍: യുറോപ്പാ ലീഗില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിന് കിരീടം. ഫൈനലില്‍ മാഴ്‌സയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റികോ മാഡ്രിഡ് കിരീടം ചൂടിയത്. തുടക്കം മുതല്‍ ആധിപത്യം പുറത്തെടുത്ത അത്‌ലറ്റികോയ്‌ക്കെതിരേ പൊരുതാന്‍പോലുമാവാതെ മാഴ്‌സലെ കീഴടങ്ങുകയായിരുന്നു.
കളിയുടെ 21ാം മിനിറ്റില്‍ സൂപ്പര്‍ താരം അന്റോണിയോ ഗ്രിസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. മാഴ്‌സെ ഗോളി നല്‍കിയ പന്തിനെ പിടിച്ചുനിര്‍ത്തുന്നതില്‍ മാഴ്‌സ പ്രതിരോധത്തിന് പിഴച്ചപ്പോള്‍ പന്ത് പിടിച്ചെടുത്ത് ഗാബി നല്‍കിയ പാസിലായിരുന്നു ഗ്രിസ്മാന്‍ വലകുലുക്കിയത്. ലീഡ് വഴങ്ങിയതിന്റെ ക്ഷീണത്തിനൊപ്പം മാഴ്‌സക്ക് തിരിച്ചടിയായി 32ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ദിമിത്രി പയേറ്റ് പരിക്കേറ്റ് പുറത്തുപോയി. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡുമായാണ് അത്‌ലറ്റികോ മാഡ്രിഡ് കളം പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അത്‌ലറ്റികോ ലീഡുയര്‍ത്തി. ഇത്തവണയും ഗ്രിസ്മാന്‍തന്നെയാണ് അത്‌ലറ്റികോയ്ക്ക് വേണ്ടി വലകുലുക്കിയത്. കോക്കെ നല്‍കിയ പാസിനെ ചിപ്പ് ചെയ്ത് ഗ്രിസ്മാന്‍ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 89ാം മിനിറ്റില്‍ ഗാബിയിലൂടെ അത്‌ലറ്റികോ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. കോക്കയുടെ അസിസ്റ്റിലായിരുന്നു ഗാബിയുടെ ഗോള്‍ നേട്ടം. പിന്നീട് ഗോളുകള്‍ അകന്നുനിന്നതോടെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ ജയത്തോടെ അത്‌ലറ്റികോ യൂറോപ്പാ ലീഗ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു. 2010,2012വര്‍ഷങ്ങളിലെ യൂറോപ്പാ ലീഗില്‍ അത്‌ലെറ്റിക്കോ മഡ്രിഡിനായിരുന്നു കിരീടം.
Next Story

RELATED STORIES

Share it