യൂത്ത് കോണ്‍ഗ്രസ് എക്‌സൈസ് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്കു പരിക്ക്‌

കൊച്ചി: ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതില്‍ അഴിമതി നടത്തിയ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാലിനും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
എറണാകുളം യൂത്ത് കോണ്‍ഗ്രസ് ഓഫിസിനു സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് എക്‌സൈസ് ഓഫിസിന് അകലെ വച്ചുതന്നെ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ എസ് വിജയന്റെ നേതൃത്വത്തില്‍ പോലിസ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചു.
നേതാക്കള്‍ പ്രസംഗിച്ചശേഷം ബാരിക്കേഡ് ഭേദിച്ച് മുന്നേറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണു സംഘര്‍ഷം ഉടലെടുത്തത്. പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി ബി സുനീര്‍, ജിന്‍ഷാദ് ജിന്നാസ്, ഷിജോ വര്‍ഗീസ്, പി വൈ ഷാജഹാന്‍, അനസ് ആലുവ, എ ആര്‍ പദ്മദാസ്, കെ എച്ച് അജാസ്, അജീഷ് വട്ടക്കല്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. സമരക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് സിഐ അനന്തലാലിന് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ സിഐ ആശുപത്രിയില്‍ ചികില്‍സ തേടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അടക്കം 150ഓളം പേര്‍ക്കെതിരേ കേസെടുത്തതായി സിഐ അനന്തലാല്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ദീപക് ജോയ്, അജിത്, അമീര്‍ ബാവ എന്നിവരെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിഷേധയോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കേരളം കണ്ട രണ്ടാമത്തെ വലിയ അഴിമതിയാണ് ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതില്‍ ഉണ്ടായിരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് പ്രസിഡന്റ് എം വി രതീഷ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ്, മുന്‍ മേയര്‍ ടോണി ചമ്മണി, സംസ്ഥാന ഭാരവാഹികളായ ടി ജി സുനില്‍, ദീപക് ജോയ്, അജിത്, അമീര്‍ ബാവ, പി എസ് സുധീര്‍, പി ബി സുനീര്‍, ഡിസിസി വൈസ് പ്രസിഡന്റുമാരായ മനോജ് മൂത്തേടന്‍, ഷിയാസ്, തമ്പി സുബ്രഹ്മണ്യം സംസാരിച്ചു.

Next Story

RELATED STORIES

Share it