Flash News

യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: വ്യാജ സിദ്ധന്‍ കസ്റ്റഡിയില്‍

വെള്ളമുണ്ട: വെള്ളമുണ്ട സ്വദേശിയായ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വ്യാജ സിദ്ധനെ പോലിസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ചികില്‍സിച്ച മലപ്പുറം ഇടയാറ്റൂര്‍ സ്വദേശി സെയ്ദ് മുഹമ്മദി (52)നെയാണ് വെള്ളമുണ്ട പോലിസ് ബംഗളൂരുവില്‍ വച്ച് പിടികൂടിയത്. വെള്ളമുണ്ട 10ാം മൈല്‍ പൊയിലന്‍ (കുട്ട) അമ്മദിന്റെ മകന്‍ അശ്‌റഫ് എന്ന അച്ചു(32) ആണ് തമിഴ്‌നാട് നാഗര്‍ കോവിലിലെ അജ്ഞാത കേന്ദ്രത്തില്‍ മരിച്ചത്.
ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന അഷ്‌റഫിന്റെ ഭാര്യ സജ്‌നയുടെ പരാതിയിലാണ് പോലിസ് നടപടി. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കഴിഞ്ഞ മൂന്നു മാസത്തോളമായി സിദ്ധനാണ് ചികില്‍സിച്ചിരുന്നതെന്നു പരാതിയില്‍ പറയുന്നു. ചികില്‍സയുടെ ഭാഗമായി തമിഴ്‌നാട് നാഗര്‍കോവിലിനടുത്തെ കൂടംകുളം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ തോട്ടോടം പള്ളിയോട് ചേര്‍ന്ന മഖാമിലാണ് യുവാവിനെ താമസിപ്പിച്ചത്. അഷ്‌റഫിന്റെ മരണത്തില്‍ കൂടംകുളം പോലിസും അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചികില്‍സയ്ക്കായി യുവാവിനെ തീര്‍ത്തും ശോച്യമായ ചുറ്റുപാടിലാണ് താമസിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ചുറ്റും ഉയരത്തിലുള്ള മതില്‍ക്കെട്ടിനുള്ളില്‍  മണലില്‍ ചങ്ങലയില്‍ ബന്ധിച്ചാണ് മന്ത്രവാദ ചികില്‍സ നടത്തുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ളവരെ ഈ കേന്ദ്രത്തിലെത്തിക്കുന്നത് സെയ്ദ് മുഹമ്മദുള്‍പ്പെടെയുള്ള വ്യാജ ചികില്‍സകരാണ്. അഷ്‌റഫിനെ ബന്ധുക്കളില്‍ ചിലരും ചേര്‍ന്നാണ് നാഗര്‍കോവിലിലെത്തിച്ചത്. സിദ്ധനില്‍ വിശ്വസിക്കുന്ന ബന്ധുക്കളില്‍ ചിലര്‍ ഇന്നലെ സിദ്ധനെ പിടികൂടിയതറിഞ്ഞു സ്റ്റേഷനിലെത്തി ബഹളം വച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലിസ് അറിയിച്ചു. വൈകീ ട്ടോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹവുമായി ബന്ധുക്കള്‍ ഇന്നലെ വെള്ളമുണ്ടയിലേക്ക് തിരിച്ചു. അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് നടക്കും.
Next Story

RELATED STORIES

Share it