യുവാവ് ജീവനൊടുക്കിയത് പോലിസ് ഭീഷണിയെ തുടര്‍ന്നെന്ന് പരാതി

പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ പള്ളത്തേരി തേവടക്കാട് സ്വദേശി സന്തോഷ് കുമാര്‍ (27) ജീവനൊടുക്കിയതു പോലിസ് ഭീഷണിയെ തുടര്‍ന്നെന്നു ബന്ധുക്കള്‍. രാവിലെ കെട്ടിടം പണിക്കു പോയ സന്തോഷ് ഇന്നലെ വൈകീട്ട് മൂന്നോടെയാണു വീട്ടില്‍ തിരിച്ചെത്തി സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്. പോലിസിന്റെ ഭീഷണിയെ തുടര്‍ന്നാണ് സന്തോഷ് ജീവനൊടുക്കിയതെന്ന് ആരോപിച്ച് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു നാട്ടുകാരും ബന്ധുക്കളും വൈകീട്ട് അഞ്ചു മുതല്‍ ഒരു മണിക്കൂറോളം പാലക്കാട്-പൊള്ളാച്ചി പാത ഉപരോധിച്ചു.
മൂന്നുമാസം മുമ്പ് കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലെറിഞ്ഞ കേസില്‍ സന്തോഷ് ഉള്‍പ്പെടെ നാലുപേര്‍ പ്രതിയായിരുന്നു. കേസില്‍ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന ധാരണയില്‍ വിഷയം ഒത്തുതീര്‍പ്പായിരുന്നു. എന്നാല്‍, പോലിസ് സന്തോഷിന് അനുവദിച്ച സമയപരിധിക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കാന്‍ സാധിച്ചില്ല. ഈ പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടു പാലക്കാട് കസബ സ്‌റ്റേഷനില്‍ നിന്ന് എസ്‌ഐ നിരന്തരം ഫോണ്‍ ചെയ്തു ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇന്നലെ രാവിലെയും സന്തോഷിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയോടെ സ്‌റ്റേഷനില്‍ ഹാജരായ ഇയാള്‍ തിരികെ വീട്ടിലെത്തി സമീപത്തെ പറമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it