kozhikode local

യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവംപോലിസിനെതിരേ കൊലപാതകക്കുറ്റം ചുമത്തണം: അന്വേഷണബന്ധു

കോഴിക്കോട്: വാരാപ്പുഴ പോലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തില്‍ യുവാവ്  മരിച്ച സംഭവത്തില്‍ പ്രതികളായ പോലീസുകാര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കാനും, അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് അന്വേഷണബന്ധു കോഴിക്കോട് ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം വഴിതിരിച്ചു വിടാനും, ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനുമുള്ള ഗൂഢശ്രമമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സുപ്രീം കോടതിയുടെ അറസ്റ്റ് സംബന്ധിച്ച മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അറസ്റ്റ് ചെയ്യുകയും, നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെക്കുകയും, ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത പോലീസ് നടപടികളിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനവും സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതമയുമാണ് ഉണ്ടായിരിക്കുന്നത്.
പോലീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം കേരളത്തില്‍ സൃഷ്ടിച്ചെടുക്കാനാണ് പോലീസും സര്‍ക്കാറും ശ്രമിച്ചുവരുന്നത്. ജനങ്ങളില്‍ നിന്ന് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും പോലീസിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയാത്ത പിണറായി വിജയന് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാന്‍ യോഗ്യതയും, അര്‍ഹതയുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. കേരളത്തില്‍ കസ്റ്റഡി മരണങ്ങള്‍ ഏറിവരുന്നത് വളരെ ഗുരുതരമായി കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
തിരുവനന്തപുരം പാറശ്ശാല പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി പീഡനത്തെത്തുടര്‍ന്ന് ശ്രീജീവ് എന്ന യുവാവ് മരിച്ച സംഭവത്തില്‍ പോലും സര്‍ക്കാര്‍ തികഞ്ഞ അലംഭാവവും പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമാണ് സ്വീകരിച്ചത്. പോലീസിലെ ക്രിമിനലുകള്‍ക്ക് എല്ലാവിധ സംരക്ഷണം നല്‍കുന്ന സര്‍ക്കാറായി കേരള സര്‍ക്കാര്‍ മാറിയിരിക്കുന്നു.
മനോവീര്യം തകരുമെന്ന് പറഞ്ഞ് പോലീസിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. കുറ്റവാളികളായ പോലീസുകാരെ സര്‍വീസില്‍ നിന്നും മാറ്റി നില്‍ത്താനും, കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത് കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണെന്നും സെക്രട്ടറി ജലീല്‍ തടമ്പാട്ടുതാഴം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it