Flash News

യുവനിരക്കരുത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

യുവനിരക്കരുത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം
X

റിയാദ്(സൗദി അറേബ്യ): ബ്രസീലിനെതിരായ മല്‍സരത്തിന് മുന്നോടിയായി ഇറാഖിനെതിരേ സൗഹൃദ മല്‍സരത്തില്‍ കൊമ്പുകോര്‍ത്ത അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. പ്രമുഖരില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഇറാഖിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. ബ്രസീലിനെതിരായ മല്‍സരം മുന്നില്‍ കണ്ട് ഇന്നലെ ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യുറോ, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വെയിന്‍ തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിച്ച സ്‌കലോണി ആറ് മാറ്റങ്ങളാണ് മല്‍സരത്തിനിടെ അര്‍ജന്റീനന്‍ നിരയില്‍ പരീക്ഷിച്ചത്.
മല്‍സരത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് അര്‍ജന്റീന ജയം വരുതിയിലാക്കിയത്. എന്നാല്‍ ആദ്യ പകുതിയില്‍ പ്രതിരോധക്കോട്ട കെട്ടിയ ഇറാഖിനെതിരേ ഒരു ഗോളാണ് അര്‍ജന്റീനയ്ക്ക് നേടാനായത്. 18ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനസായിരുന്നു ടീമിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ഇറങ്ങിയ മാര്‍ട്ടിനസ് മികച്ചൊരു ഹെഡറിലൂടെ ആദ്യ ഗോള്‍ കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയിലാണ് അര്‍ജന്റീന കൂടുതല്‍ ഗോളുകള്‍ ഇറാഖ് പോസ്റ്റിലേക്ക് ഉതിര്‍ത്തിട്ടത്. രണ്ടാം പകുതിയുടെ 53ാം മിനിറ്റില്‍ യുവന്റസിന്റെ പൗലോ ഡിബാലയുടെ അസിസ്റ്റില്‍ വാറ്റ്‌ഫോര്‍ഡ് താരം റോബര്‍ട്ടോ പെരേര ടീമിന്റെ രണ്ടാം ഗോളിനവകാശിയാവുകയായിരുന്നു. മല്‍സരം അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കി നില്‍ക്കേയാണ് അര്‍ജന്റീനയുടെ അവശേഷിച്ച രണ്ട് ഗോളും പിറന്നത്. 82ാം മിനിറ്റില്‍ പെസെല്ലയും ഇഞ്ചുറി ടൈമില്‍ മികച്ചൊരു സോളോ ഗോളിലൂടെ ഫ്രാങ്കോ സെര്‍വിയും ലക്ഷ്യം കണ്ടതോടെ ഏകപക്ഷീയമായ നാല് ഗോളിന്റെ ജയത്തോടെ ഇനി അര്‍ജന്റീനയ്ക്ക് ചിരവൈരികളായ ബ്രസീലുമായി കൊമ്പുകോര്‍ക്കാം. അടുത്ത ചൊവ്വാഴ്ചയാണ് അര്‍ജന്റീനയുടെ ബ്രസീലിനെതിരായ മല്‍സരം.
Next Story

RELATED STORIES

Share it