Flash News

യുവതിയെ പീഡിപ്പിച്ച കേസ് പ്രതികളായ മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ ഹരജികളാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവവും പ്രതികളുടെ പദവിയും കണക്കിലെടുത്തും ഹരജിക്കാര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കാനും നിയമത്തിനു മുന്നില്‍ നിന്ന് ഒളിച്ചോടാനുമുള്ള സാധ്യത വിലയിരുത്തിയുമാണ് കോടതിയുടെ ഉത്തരവ്.
താനും ഭര്‍ത്താവടക്കം കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമാണ് ഈ കാലയളവില്‍ പ്രതികള്‍ പുലര്‍ത്തിയിരുന്നതെന്നാണ് യുവതി മൊഴിയില്‍ പറഞ്ഞിട്ടുള്ളതെന്നു കോടതി ചുണ്ടിക്കാട്ടി. എന്നാല്‍, തങ്ങള്‍ക്കെതിരായ ആരോപണം കെട്ടിച്ചമച്ചതും അസത്യം നിറഞ്ഞതുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. പ്രതികള്‍ വൈദികരാണെന്നതുകൊണ്ട് യുവതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നു പറഞ്ഞ് ഈ ഘട്ടത്തില്‍ അവഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
പ്രതികളാക്കപ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്നു യുവതി മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍, ഈ ഘട്ടത്തില്‍ യുവതിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിക്കളയാനാവില്ലെന്നു വ്യക്തമാക്കിയ കോടതി മുന്‍കൂര്‍ ജാമ്യ ഹരജി തള്ളുകയായിരുന്നു. ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പ്രതികള്‍ക്ക് കീഴടങ്ങാമെന്നും റെഗുലര്‍ ജാമ്യത്തിന് അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it