Kollam Local

യുവതിയുടെ ദുരൂഹ മരണം: ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

പത്തനാപുരം: ഭര്‍ത്യഗൃഹത്തില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവുമായി മൂന്നുപേരെ പോലിസ് അറസ്റ്റു ചെയ്തു. പുന്നല ചാച്ചിപുന്ന ഇഞ്ചൂര്‍ അജിവിലാസത്തില്‍ അജീഷ് കുമാര്‍ (32) , ഇയാളുടെ മാതാവ് ശാന്തമ്മ (55), പിതാവ് പുരുഷോത്തമന്‍ പിള്ള (60) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മൂവരും കഴിഞ്ഞ ദിവസം പുനലൂര്‍ ഡിവൈഎസ്പി ഓഫിസിലെത്തി ഹാജരാവുകയായിരുന്നു.അജീഷ്‌കുമാറിന്റെ വീട്ടില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു ഭാര്യ രേവതി (28) മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ്  പ്രതികള്‍ പിടിയിലായത്. ഗുരുതരമായി പൊളളലേറ്റ് ചികില്‍സയിലായിരുന്ന രേവതി കഴിഞ്ഞ മാസം 14നാണ് മരണപ്പെട്ടത്. സംഭവത്തിന് ശേഷം രേവതിയുടെ ഭര്‍ത്താവ് അജീഷും ഇയാളുടെ മാതാവ് ശാന്തയും ഒളിവില്‍ കഴിയുകയായിരുന്നു. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രേവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണന്നും പുനലൂര്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനമാണ് യുവതി വര്‍ഷങ്ങളായി അനുഭവിച്ചു വന്നിരുന്നത്. ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ അറുകാലിക്കല്‍ പടിഞ്ഞാറ് പത്ത് സെന്റ് പുരയിടമാണ് രേവതിയുടെ കുടുംബത്തിന് ആകെയുള്ളത്. വീടും വസ്തുവും വിറ്റ് പണം വേണമെന്നാവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവ് മര്‍ദ്ദിക്കുമായിരുന്നുവെന്ന് രേവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കൂടാതെ കരുതിക്കൂട്ടി ഭര്‍തൃമാതാവ് ശാന്ത അപായപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍  പരാതിയില്‍  പറഞ്ഞിരുന്നത് .ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റെന്നാണ് ഭര്‍തൃമാതാവ് ശാന്ത പോലിസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് കളവാണന്ന ആരോപണവുമായി അയല്‍വാസികള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു .ഇത്രയും പൊള്ളലേറ്റിട്ടും തടി കൊണ്ടുള്ള ഷെഡിന് കാര്യമായ നാശമുണ്ടാകാത്തതാണ് ദുരൂഹതയ്ക്കുള്ള പ്രധാന കാരണം .കൂടാതെ പൊള്ളലേറ്റ സമയത്ത് ഓടിയെത്തിയ അയല്‍വാസികളാണ് വെള്ളം ഒഴിച്ച് തീയണച്ചത്. ഇത്രയും നാള്‍ തിരുവന്തപുരത്തുള്ള ബന്ധുവീട്ടില്‍  ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ്  പ്രതികള്‍ പോലിസിനോട് പറഞ്ഞത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it