Kottayam Local

യുവജന കമ്മീഷന്‍ അദാലത്ത് നടത്തി : പിഎസ്‌സി നിയമനം വൈകുന്നതിന് എതിരേ യുവതിയുടെ പരാതി



കോട്ടയം: നിയമനം വൈകുന്നതിനെതിരേ യുവതി യുവജന കമ്മീഷനില്‍ പരാതി നല്‍കി. കോട്ടയം ആര്‍പ്പൂക്കര സ്വദേശി ഫാത്തിമയാണ് പരാതിയുമായി രംഗത്തെത്തിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന അദാലത്തിലാണ് യുവതിയുടെ പരാതി കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പരിശോധിച്ചത്. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പിഎസ്‌സി പരീക്ഷ നടത്തിയെങ്കിലും നാളിതുവരെ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. 2015ല്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചെങ്കിലും നിയമനം നടത്താതെ നിരവധി യുവജനങ്ങളെ നിരാശപ്പെടുത്തുകയാണ്. ജില്ലയില്‍ മാത്രം 135 പേരാണ് ഈ മേഖലയില്‍ നിയമനം കാത്തിരിക്കുന്നത്. മുസ്‌ലിം കാറ്റഗറിയില്‍ 12ാമതാണ് ഫാത്തിമ. ജീവനക്കാരുടെ കുറവ് മൂലം പലപ്പോഴും പദ്ധതി വിഹിതം ലാപ്‌സാവുന്ന കാഴ്ച്ചയാണ് കേരളത്തിലുണ്ടാവുന്നതെന്നും ഫാത്തിമ പറയുന്നു. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോളാണ് നിയമനം നടത്താന്‍ സര്‍ക്കാര്‍ മടികാണിക്കുന്നതെന്നും ഫാത്തിമ ആരോപിക്കുന്നു. ഇതിനോടകം തന്നെ സര്‍ക്കാര്‍ തലത്തില്‍ പരാതികള്‍ സമര്‍പ്പിച്ചെങ്കിലും നടപടി സ്വീകരിക്കാമെന്ന മറുപടിയല്ലാതെ യാതൊരു നീക്കവും നടക്കുന്നില്ലെന്നും ഫാത്തിമ കുറ്റപ്പെടുത്തി. നിരവധി യുവജനങ്ങള്‍ നിയമനം കാത്തിരിക്കുന്ന സാഹചര്യത്തില്‍ പുതുതായി രൂപീകരിച്ച പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെല്ലുകള്‍ രൂപീകരിച്ച് കൂടുതല്‍ തസ്തികകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഫാത്തിമ പറയുന്നു.
Next Story

RELATED STORIES

Share it