യുവജനോല്‍സവം: ആദ്യ സുവനീര്‍ തൃശൂരില്‍ ജനകീയ ഉല്‍സവമാക്കിയത് സിഎച്ച്

പി എച്ച്   അഫ്‌സല്‍

തൃശൂര്‍: കേരളം പിറക്കുന്നതിന് രണ്ടു വര്‍ഷം മുമ്പേ സ്‌കൂള്‍ യുവജനോല്‍സവം എന്ന ആശയം രൂപപ്പെട്ടിരുന്നു. 1956ല്‍ ഐക്യകേരളം പിറന്ന് മൂന്നാംമാസം തന്നെ മലയാളനാട്ടില്‍ ആദ്യ സ്‌കൂള്‍ യുവജനോല്‍സവത്തിനും തിരിതെളിഞ്ഞു. എന്നാല്‍, യുവജനോല്‍സവങ്ങള്‍ ജനകീയ ഉല്‍സവങ്ങളായത് 1960കളുടെ അവസാനത്തോടെയാണ്. 58ാം കൗമാരകലാമേള അരങ്ങേറാനൊരുങ്ങുന്ന തൃശൂരില്‍ നിന്നുതന്നെയായിരുന്നു അതിന്റെ തുടക്കം. വിദ്യാഭ്യാസ ഡയറക്്ടര്‍മാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നിയന്ത്രിച്ചിരുന്ന കലാമേളകളില്‍ ജനപ്രതിനിധികള്‍ മുഖ്യാതിഥികളായി എത്തിയതോടെ യുവജനോല്‍സവങ്ങ ള്‍ മാധ്യമശ്രദ്ധ നേടാന്‍ തുടങ്ങി. 1968ല്‍ തൃശൂരില്‍ നടന്ന 10ാമത് സംസ്ഥാന കലോല്‍സവം ഉദ്ഘാടനം ചെയ്ത അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയയാണ് ഇതിനു തുടക്കമിട്ടത്. സമാപന ദിവസം മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു സമ്മാനദാനം നിര്‍വഹിച്ചത്. പിന്നീടങ്ങോട്ട് നടന്ന കലോല്‍സവങ്ങളിലെല്ലാം മുഖ്യമന്ത്രിയും മറ്റു പ്രമുഖ മന്ത്രിമാരും മേളയിലെ പതിവുകാരായി. കലോല്‍സവ വേദികളിലെ വാര്‍ത്തകളും വിശേഷങ്ങളും മറ്റു കലാസൃഷ്ടികളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്മരണിക പുറത്തിറക്കുന്ന സമ്പ്രദായത്തിനും 1968ലെ തൃശൂര്‍ കലോല്‍സവത്തില്‍ തന്നെയാണ് തുടക്കമായത്. വിജയികളുടെയും സംഘാടകരുടെയും വിധികര്‍ത്താക്കളുടെയുമെല്ലാം പേരുവിവരങ്ങളുമായി ഇറങ്ങിയ സ്മരണികകള്‍ ഓരോ കലോല്‍സവങ്ങളുടെയും ചരിത്രശേഷിപ്പുകളായി. വൈലോപ്പിള്ളി, പാറപ്പുറത്ത്, സുകുമാര്‍ അഴീക്കോട്, ലളിതാംബികാ അന്തര്‍ജനം, പവനന്‍, പി വല്‍സല, സുഗതകുമാരി, കുഞ്ഞുണ്ണി മാഷ്, അക്ബര്‍ കക്കട്ടില്‍, സിപ്പി പള്ളിപ്പുറം, കാക്കനാടന്‍ തുടങ്ങിയവര്‍ പത്രാധിപരായപ്പോള്‍ സ്മരണികകള്‍ മലയാളഭാഷയ്ക്കുള്ള കലോപഹാരങ്ങളായി. ജി ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, തകഴി, ബഷീര്‍, കാരൂര്‍, ഉറൂബ്, ഒഎന്‍വി, എം വി ദേവന്‍, എം പി അപ്പന്‍ തുടങ്ങി അനേകം സാഹിത്യകുലപതിമാര്‍ സ്മരണികകളില്‍ സദ്യവട്ടം ഒരുക്കി. 1970 മുതലാണ് കലോല്‍സവത്തിന് വലിയ പന്തലുകളും ഉയര്‍ന്ന സ്റ്റേജുമൊെക്ക സജ്ജീകരിക്കാന്‍ ആരംഭിച്ചത്. പണ്ഡിതനും കലാതല്‍പരനുമായ ആര്‍ രാമചന്ദ്രന്‍ നായര്‍ വിദ്യാഭ്യാസ ഡയറക്്ടറായി ചുമതല ഏറ്റെടുത്തതോടുകൂടി കലോല്‍സവത്തിന്റെ പരിവര്‍ത്തനഘട്ടത്തിന് തുടക്കമായി. ജനസ്വാധീനമുള്ള കൂടുതല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി മല്‍സരയിനങ്ങളി ല്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയത് അദ്ദേഹമാണ്. 1976 ല്‍ കോഴിക്കോട്ടെത്തിയപ്പോഴേക്കും കലോല്‍സവം വളരെ വിപുലവും പ്രഫഷനലുമായി. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത ആര്‍ രാമചന്ദ്രന്‍ നായരുടെ കാലഘട്ടം കലോല്‍സവത്തിന്റെ സുപ്രധാന നാഴികക്കല്ലാണ്.
Next Story

RELATED STORIES

Share it