യുപി സര്‍ക്കാരിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനം

അലഹബാദ്: ഉന്നാവോ പീഡനക്കേസില്‍  യുപി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. നിങ്ങള്‍ കുറ്റാരോപിതനായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് യുപി സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ഡി ആര്‍ ബോസ്ലെ, ജസ്റ്റിസ് സുനീത്ത കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സ്വരൂപ് നല്‍കിയ ഹരജിയില്‍ വാദം കേട്ടത്.
കേസിലെ പോലിസ് നടപടിയെയും കോടതി ചോദ്യംചെയ്തു. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ ഇരകള്‍ പരാതി നല്‍കാന്‍ ആരെയാണു സമീപിക്കേണ്ടതെന്ന് പോലിസ് വ്യക്തമാക്കണമെന്നും കോടതി വിമര്‍ശിച്ചു. 2017 ആഗസ്ത് 17ന് കുറ്റാരോപിതനായ എംഎല്‍എക്കെതിരേ നടപടിക്ക് അനുമതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് റിപോര്‍ട്ട് അയച്ചതായും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ രാഗവേന്ദ്രസിങ് പറഞ്ഞു.
ബിജെപി എംഎല്‍എക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പുതിയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കുന്നതുവരെ പ്രാദേശിക പോലിസ് തന്നെ അന്വേഷണം തുടരുമെന്നും ഭരണകക്ഷി എംഎല്‍എയെ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തില്‍ സിബിഐ തീരുമാനമെടുക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരം) അരവിന്ദ് കുമാര്‍ പറഞ്ഞു. അതേസമയം എംഎല്‍എ  സെഗറിക്കെതിരേ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈഗിംകാതിക്രമ സംരക്ഷണ(പോക്‌സോ)നിയമപ്രകാരം മാഘി പോലിസ് സ്‌റ്റേഷനില്‍ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു.
ബലാല്‍സംഗ കേസിന്റെയും ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണത്തിന്റെയും അന്വേഷണം സിബിഐക്ക് വിടാനും യുപി സര്‍ക്കാര്‍ തീരുമാനിച്ചു.  എംഎല്‍എ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ പോലിസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇരയായ 18കാരി പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുമ്പില്‍ ആത്മഹത്യ—ക്ക് ശ്രമിച്ചതോടെയാണു സംഭവം വിവാദമായത്. ഇതിനു പിന്നാലെ തിങ്കളാഴ്ച പെണ്‍കുട്ടിയുടെ അച്ഛനെ പോലിസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹം പിന്നീട് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍ സിങിനെ പോലിസ് അറസ്റ്റ് ചെയ്തു.
എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. എംഎല്‍എയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലെത്തി. എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നതിനു പകരം കേസ് സിബിഐക്ക് കൈമാറുന്നത് അന്വേഷണം മന്ദഗതിയിലാക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. യുപിയിലെ കാട്ടുഭരണത്തിന്റെ പേരില്‍ സംസ്ഥാനത്തെ എംപിയായ മോദി ജനങ്ങളോട് മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it