Flash News

യുപിഎസ്‌സി കേഡര്‍ അലോക്കേഷന്‍ സംവിധാനം മാറ്റാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

യുപിഎസ്‌സി കേഡര്‍ അലോക്കേഷന്‍ സംവിധാനം മാറ്റാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
X

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് നിയമനങ്ങളില്‍ നിലവിലുള്ള യുപിഎസ്‌സി കേഡര്‍ അലോക്കേഷന്‍ സംവിധാനം മാറ്റി ഫൗണ്ടേഷന്‍ കോഴ്‌സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. സിവില്‍ സര്‍വീസ് പരീക്ഷ പാസായ ഉടന്‍ കേഡര്‍ അലോക്കേഷന്‍ വഴി നിയമനം നല്‍കുന്ന നിലവിലെ രീതിക്ക് പകരം, ഫൗണ്ടേഷന്‍ കോഴ്‌സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് ബന്ധപ്പെട്ട മറ്റ് വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.


പുതിയ രീതി അനുസരിച്ച് യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കും ഇന്റര്‍വ്യുവിനും ശേഷം മസൂറിയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി അക്കാദമിയില്‍ 15 ആഴ്ച നീണ്ടുനില്‍ക്കുന്ന ഫൗണ്ടേഷന്‍ കോഴ്‌സില്‍ പങ്കെടുക്കണം. എഴുത്തുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫൗണ്ടേഷന്‍ കോഴ്‌സിനു മുമ്പ് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അടക്കമുള്ള കേന്ദ്ര സര്‍വീസുകളിലേക്ക് നിയമനം നടത്തുന്ന രീതിയാണ് നിലവിലുള്ളത്.


നിലവിലുള്ള രീതി അതിന്റെ തുടക്കം മുതല്‍ വിശ്വാസ്യതയും സുതാര്യതയും തെളിയിച്ചിട്ടുള്ളതാണ്. മോഡി സര്‍ക്കാരിന്റെ കീഴില്‍ അനവധി സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ന്നപ്പോഴും നിഷ്പക്ഷതയും സമഗ്രതയും നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ച ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് യുപിഎസ്‌സി. കേഡര്‍ അലോക്കേഷന്‍ ഫൗണ്ടേഷന്‍ കോഴ്‌സിനു ശേഷം ആക്കുകയാണെങ്കില്‍, യുപിഎസ്‌സി പരീക്ഷ യോഗ്യത പരീക്ഷയായി മാത്രമായി ചുരുക്കപ്പെടും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 320 പ്രകാരം കേന്ദ്ര സര്‍വീസിലേക്കുള്ള പരീക്ഷ നടത്താനുള്ള ചുമതല യുപിഎസ്‌സിയില്‍ നിക്ഷിപ്തമാണ്. കേഡര്‍ അലോക്കേഷന്‍ സംവിധാനം പരീക്ഷാനടത്തിപ്പിന്റെ യുക്തിസഹമായ തുടര്‍ച്ചയാണ്. ഇതിനെ തകര്‍ക്കുന്ന നിലയില്‍ യുപിഎസ്‌സി പോലുള്ള സുപ്രധാന സ്ഥാപനങ്ങളുടെ നടപടിക്രമങ്ങളില്‍ വെള്ളംചേര്‍ക്കാനുള്ള ഏതുനീക്കവും എതിര്‍ക്കപ്പെടണം.


ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ രീതി അഴിമതിക്കും സ്വജനപക്ഷപാതത്തിനും കളമൊരുക്കുകയും രാഷ്ട്രീയക്കാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും നിയമനത്തെ സ്വാധീനിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. കാലക്രമേണ പൊതുഭരണത്തിന്റെ ഗുണനിലവാരം കുറക്കാന്‍ ഇത് ഇടയാക്കും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് പൊതുഭരണം രാഷ്ട്രീയമുക്തമായി നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. ഇതിനു പുറമേ, ജാതി, മതം, പ്രദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിനും നിര്‍ദ്ദിഷ്ട രീതി വഴിയൊരുക്കും. ഇത് വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന് ഭീഷണിയാവുകയും ഭൂരിപക്ഷ വിഭാഗങ്ങളുടെ മേല്‍ക്കോയ്മയ്ക്ക് ഇടവരുത്തുകയും ചെയ്യും.


സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നീക്കത്തിനെതിരേ എല്ലാ ജനാധിപത്യവിശ്വാസികളും ശബ്ദമുയര്‍ത്തണമെന്നും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it