യുഡിഎഫ് സര്‍ക്കാരിന്റെ ജലവിമാന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു

എന്‍  എ  ശിഹാബ്
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ 15 കോടിയോളം ചെലവഴിച്ച് 2013ല്‍ ആരംഭിച്ച ജലവിമാന പദ്ധതി ഇടതുസര്‍ക്കാര്‍ ഉപേക്ഷിച്ചു. പദ്ധതി തുടങ്ങാനായി കോടികള്‍ ചെലവഴിച്ചു വാങ്ങിയ വസ്തുവകകള്‍ മറ്റു വകുപ്പുകള്‍ക്ക് കൈമാറാനും ടൂറിസം വകുപ്പ് ഉത്തരവായി.
അഷ്ടമുടി, പുന്നമട, ബേക്കല്‍, കൊച്ചി, കുമരകം എന്നീ കായലുകളില്‍ വിനോദസഞ്ചാരത്തിനായി തയ്യാറാക്കിയ പദ്ധതിയാണ് സര്‍ക്കാന്‍ ഉപേക്ഷിച്ചത്. ടൂറിസം ഡയറക്ടര്‍ ബാലകിരണിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കൊല്ലത്തും ആലപ്പുഴയിലും സ്ഥാപിച്ച വാട്ടര്‍ ഡ്രോമും സ്പീഡ് ബോട്ടുകളും കൊല്ലം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും കെഐഎഎല്ലിനും കൈമാറും. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വാങ്ങിയ സിസിടിവി കാമറകള്‍, ബാഗേജ് സ്‌കാനര്‍, മെറ്റല്‍ ഡിറ്റക്ടര്‍, ഡോര്‍ ഫ്രൈം മെറ്റല്‍ ഡിറ്റക്ടര്‍, തീപ്പിടിത്ത നിയന്ത്രണ ഉപകരണങ്ങള്‍ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തിനും കൈമാറും.
ഫ്‌ളോട്ടിങ് ജെട്ടി, എക്‌സ്‌റേ മെഷീന്‍, ബോയകള്‍, കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, കാറ്റിന്റെ ഗതിനിര്‍ണയ ഉപകരണം, എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷന്‍ കിറ്റ്‌സ്, എക്‌സ്‌പ്ലോസീവ് വേപര്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ളവ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കൈമാറാനും നിര്‍ദേശിച്ചു. അടുത്തിടെ വാട്ടര്‍ ഡ്രോമുകളുടെ അറ്റകുറ്റപ്പണിക്കായി സംസ്ഥാന സര്‍ക്കാര്‍ 81.45 ലക്ഷം വകയിരുത്തിയിരുന്നു.
അഷ്ടമുടി, പുന്നമട, ബേക്കല്‍, കൊച്ചി, കുമരകം എന്നിവിടങ്ങളില്‍ ജലവിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ മാത്രം ഏകദേശം ആറു കോടിയുടെ ഉപകരണങ്ങളും വാങ്ങിയിരുന്നു. ഉപകരണങ്ങള്‍ സംരക്ഷിക്കുന്നതിനു സെക്യൂരിറ്റി ജീവനക്കാരുടെ ചെലവ് ഉള്‍പ്പെടെ വര്‍ഷം തോറും ഒന്നര കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവരുകയായിരുന്നു. പദ്ധതി സര്‍ക്കാരിനു ബാധ്യതയായി മാറിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിശദീകരണം. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെയാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങിയതെന്നും വിനോദസഞ്ചാര വകുപ്പ് പറയുന്നു. പദ്ധതി സംബന്ധിച്ച് മറ്റു കമ്പനികളുമായി ഉണ്ടാക്കിയ കരാറുകളും റദ്ദാക്കിയിട്ടുണ്ട്.
ഇതുവരെ പദ്ധതിക്കായി ചെലവിട്ട തുക സംബന്ധിച്ചു കൃത്യമായ കണക്കെടുപ്പ് നടത്താനും ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊട്ടിഘോഷിച്ച് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും ഒരു സര്‍വീസ് പോലും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം, ഒഡീഷ സര്‍ക്കാര്‍ സ്‌പൈസ് ജെറ്റ് ലിമിറ്റഡും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് ഒഡീഷയില്‍ ജലവിമാന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്. രാജ്യത്ത് തന്നെ അഭിമാനകരമായി മാറുന്ന ഒരു നേട്ടത്തിനാണ് കേരളം ഇതോടെ വിരാമം കുറിക്കുന്നത്.
Next Story

RELATED STORIES

Share it