യുഡിഎഫ് വിജയത്തിനായി മുസ്‌ലിംലീഗ് മുന്നൊരുക്കം തുടങ്ങി

മലപ്പുറം: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിനുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് മുസ്‌ലിംലീഗ് രൂപം നല്‍കി. ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം.
കേരളത്തിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ ചേരും. ഇതിന്റെ തുടക്കമായി പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ജൂലൈ നാലിന് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേരാനും തീരുമാനിച്ചു.
വോട്ടര്‍പ്പട്ടിക പുതുക്കല്‍ മറ്റു അനുബന്ധ കാര്യങ്ങളിലും കൂടുതല്‍ സജീവമാവും. പാര്‍ട്ടിതലത്തില്‍ തിരഞ്ഞെടുപ്പിനു പൂര്‍ണ സജ്ജമാവുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ മണ്ഡലങ്ങളിലും കണ്‍വന്‍ഷനുകള്‍ നടത്തുന്നത്.
ലീഗ് പ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും രാഷ്ട്രീയ പഠനം നല്‍കുന്നതിനു സ്ഥിരം പഠനകേന്ദ്രം ആഗസ്ത് 15ന് ആരംഭിക്കും. ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ആഗസ്ത് ഒന്നിന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടക്കും.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. തൃപ്തികരമായ പ്രവര്‍ത്തനം നടത്താന്‍ ലീഗിന് സാധിച്ചെന്നു യോഗം വിലയിരുത്തി.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് അവതരിപ്പിച്ചു. 25ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ മുന്നണി ശക്തമായി മുന്നോട്ടു കൊണ്ടുപോവുന്നതിന് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്ത തീരുമാനങ്ങള്‍ അവതരിപ്പിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it