യുഡിഎഫ് യോഗം; സുധീരന് എതിരേ ആഞ്ഞടിച്ച് മാണി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(എം) യുഡിഎഫിലേക്ക് മടങ്ങിയെത്തിയശേഷം നടന്ന രണ്ടാമത്തെ മുന്നണി യോഗത്തിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പങ്കെടുത്തില്ല. കെ എം മാണി വന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ യോഗവും അദ്ദേഹം ബഹിഷ്‌കരിച്ചിരുന്നു.
പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നാണ് സുധീരന്റെ നിലപാട്. അതേസമയം കഴിഞ്ഞതവണ പങ്കെടുക്കാതിരുന്ന കെ മുരളീധരന്‍ എംഎല്‍എ ഇന്നലത്തെ യോഗത്തിനെത്തി. കടുത്ത വിമര്‍ശനങ്ങളാണ് യോഗത്തില്‍ കെ എം മാണി വി എം സുധീരനെതിരേ ഉയര്‍ത്തിയത്. തന്നെ ചാഞ്ചാട്ടക്കാരനാണെന്നാണ് സുധീരന്‍ അധിക്ഷേപിച്ചത്.
അക്കാര്യം അദ്ദേഹത്തിന്റെ മുഖത്തുനോക്കി ചോദിക്കാനും മറുപടി പറയാനുമാണ് കരുതിയിരുന്നതെന്ന് മാണി തുറന്നടിച്ചു. വികാരംകൊണ്ട് സംസാരിച്ച മാണിയെ മുന്നണി നേതാക്കള്‍ ആശ്വസിപ്പിക്കുകയായിരുന്നു. സുധീരന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.
കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി നേതാക്കള്‍ മാണിയെ അറിയിച്ചു. ചെങ്ങന്നൂരിലെ പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റുകൂടി നഷ്ടമായതിലുള്ള സ്വാഭാവിക പ്രതികരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കെ മുരളീധരന്‍ പറഞ്ഞു.
ഘടകകക്ഷികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. അടുത്തമാസം ആദ്യം വീണ്ടും യോഗം ചേരും. ഇതിനുമുമ്പ് കോണ്‍ഗ്രസ്സിന്റെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it