World

യുഎസ് മിസൈല്‍ വെടിവച്ചിടും: റഷ്യ; കാത്തിരിക്കാന്‍ ട്രംപിന്റെ വെല്ലുവിളി

ബെയ്‌റൂത്ത്: വിമത മേഖലയില്‍ രാസായുധ പ്രയോഗം ആരോപിച്ച് സിറിയക്കെതിരേ യുഎസ് മിസൈലുകള്‍ തൊടുത്തുവിട്ടാല്‍ വെടിവച്ചിടുമെന്നു റഷ്യയുടെ മുന്നറിയിപ്പ്. സംഘര്‍ഷം ഒഴിവാക്കണമെന്നും റഷ്യ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും റഷ്യയുടെ ലബ്‌നാന്‍ അംബാസഡര്‍ അറിയിച്ചു. എന്നാല്‍, മിസൈല്‍ വരുമെന്നായിരുന്നു ട്രംപ് ഇതിനോട് പ്രതികരിച്ചത്.
റഷ്യ തയ്യാറായിരുന്നോള്ളൂ പുതിയ, ചന്തമുള്ള, കാര്യക്ഷമതയുള്ള മിസൈലുകള്‍ വരും. ജനങ്ങളെ കൊല്ലുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന, വാതക കൊലയാളി മൃഗങ്ങളുമായി നിങ്ങള്‍ സഹകരിക്കരുതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. സിറിയക്കെതിരേ സൈനികനീക്കം നടത്തുമെന്ന ശക്തമായ മുന്നറിയിപ്പു നല്‍കുകയായിരുന്നു ട്രംപ്. എന്നാല്‍, സ്മാര്‍ട്ട് മിസൈലുകള്‍ സായുധ സംഘങ്ങള്‍ക്കെതിരേയാണ് പ്രയോഗിക്കേണ്ടതെന്നും സര്‍ക്കാരിനെതിരേയല്ലെന്നുമായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
എന്നാല്‍, സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍  ലോകശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സൂചനയായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
അതേസമയം, സിറിയയില്‍ നടന്ന രാസായുധാക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ യുഎസ് അവതരിപ്പിച്ച ബില്ല് റഷ്യ വീറ്റോ അധികാരം ഉപയോഗിച്ച് തള്ളി. 12 രാജ്യങ്ങള്‍ അമേരിക്കയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു.
ബൊളീവിയ റഷ്യയെ പിന്താങ്ങുകയും ചൈന വോട്ടിങില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു. റഷ്യ പ്രതികൂലമായി വോട്ട് ചെയ്തതിനാല്‍ ബില്ല് പാസായില്ല.  ഇതിനിടെ, സിറിയക്കെതിരേ അമേരിക്ക സൈനികാക്രമണത്തിന് ഒരുങ്ങുന്നതായി റിപോര്‍ട്ട്. സൈപ്രസില്‍ നിന്നു മിസൈല്‍ നശീകരണ കപ്പലായ യുഎസ്എസ് ഡൊണാള്‍ഡ് കുക്ക് സിറിയയിലേക്ക് തിരിച്ചതായും റിപോര്‍ട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ സിറിയന്‍ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ 100ഓളം പേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it