Flash News

യുഎസും യുഎഇയും പ്രതിരോധ കരാറില്‍ ഒപ്പുവച്ചു



വാഷിങ്്ടണ്‍: യുഎസും യുഎഇയും തമ്മില്‍ പുതിയ പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവച്ചു. അബൂദബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയത്. യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കൂടിക്കാഴ്ച നടത്തി. ഐഎസ്, അല്‍ ശബാബ് തുടങ്ങിയ സംഘടനകളെ പരാജയപ്പെടുത്താനുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ ഇരുവരും വിലയിരുത്തി. ബാലിസ്റ്റിക്് മിസൈല്‍ വികസിപ്പിക്കല്‍, അനധികൃത ആയുധ വിതരണം, ഉപദ്രവകരമായ നാവിക ഇടപെടലുകള്‍ തുടങ്ങി ഇറാന്റെ ആക്രമണപരമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. 1994ല്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഉണ്ടാക്കിയ കരാറിന്റെ സ്ഥാനത്ത് പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ യുഎസ് സൈനിക സാന്നിധ്യത്തിന്റെ തോതും വ്യവസ്ഥകളും വ്യക്തമാക്കുന്നതാണ് പുതിയ കരാറെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ക്രിസ്റ്റഫര്‍ ഷേര്‍വുഡ് പറഞ്ഞു. യുഎഇക്ക് ഉള്ളിലോ ചുറ്റുവട്ടത്തോ ഉണ്ടാവുന്ന അടിയന്തര സാഹചര്യങ്ങളില്‍ സുഗമമായി ഇടപെടാനുള്ള ശക്തി ഈ കരാറിലൂടെ യുഎസ് സൈന്യത്തിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ അന്താരാഷ്ട്ര കാര്യങ്ങളും ചര്‍ച്ചയായി. മെയ് അവസാനം റിയാദില്‍ മുസ്‌ലിം നേതാക്കളുമായി ട്രംപ് നടത്തുന്ന സംഭാഷണത്തെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സ്വാഗതം ചെയ്തു. ഫലസ്തീന്‍-ഇസ്രായേല്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന് ട്രംപ് പുതിയ മാര്‍ഗങ്ങളിലൂടെ നടത്തുന്ന യത്‌നങ്ങളെ അംഗീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it