World

യുഎസും മെക്‌സിക്കോയും അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുന്നു

വാഷിങ്ടണ്‍: യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിവഴി കുടിയേറ്റക്കാരുടെ കൂട്ടമായുള്ള വരവിനെ തുടര്‍ന്ന് ഈ മേഖലയില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മെക്‌സിക്കന്‍ സര്‍ക്കാരും മുന്നറിയിപ്പ് നല്‍കി.
ആയിരക്കണക്കിന് ഹോണ്ടുറാസ് പൗരന്മാരാണ് യുഎസ്-മെക്‌സിക്കോ അതിര്‍ത്തിവഴി കഴിഞ്ഞ ആഴ്ച കടന്നത്. ചില ആളുകള്‍ മെക്‌സിക്കോയിലേക്ക് കടക്കാനും ശ്രമിച്ചു. യുഎസിലേക്ക് കടക്കുന്നതോടെ ദാരിദ്ര്യത്തില്‍ നിന്നും ലഹളകളില്‍ നിന്നും രക്ഷപ്പെടാനാവുമെന്നാണ് അഭയാര്‍ഥികള്‍ കരുതുന്നത്. അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ മെക്‌സിക്കോ നൂറുകണക്കിന് പോലിസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്. ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്നാണ് അഭയാര്‍ഥികള്‍ കൂട്ടമായി എത്തുന്നത്.
പ്രധാന വ്യാപാര കേന്ദ്രമായ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ വരവ് തടസ്സം സൃഷ്ടിക്കുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. 3200 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തി ലോകത്ത് ഏറ്റവും തിരക്കേറിയതാണ്. ആയിരക്കണക്കിനു പേരാണ് ദിനേന വ്യാപാരത്തിനായി ഇവിടെ എത്തുന്നത്. ഒരുലക്ഷം കോടിയുടെ വ്യാപാരം വര്‍ഷാവര്‍ഷം നടക്കുന്നു.
അതേസമയം, ഒരു ദിവസത്തെ സന്ദര്‍ശത്തിനു മെക്‌സിക്കോയില്‍ എത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോട് മെക്‌സിക്കന്‍ സര്‍ക്കാര്‍ അഭയാര്‍ഥി വിഷയത്തില്‍ സഹായം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it