Gulf

യുഎഫ്‌സി ഫുട്‌ബോള്‍ മേളയ്ക്ക് വര്‍ണാഭമായ തുടക്കം; കോര്‍ണിഷും എംയുഎഫ്‌സിയും ക്വാര്‍ട്ടറില്‍

യുഎഫ്‌സി ഫുട്‌ബോള്‍ മേളയ്ക്ക് വര്‍ണാഭമായ തുടക്കം; കോര്‍ണിഷും എംയുഎഫ്‌സിയും ക്വാര്‍ട്ടറില്‍
X


ദമ്മാം: അല്‍ ഖോബാര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബ് 9ാം വാര്‍ഷികത്തില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേള യുഎസ്ജി ബോറല്‍ സോക്കര്‍ 2017ന് റാക്കയിലെ ഖാദിസിയ ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ ഖാലിദിയ സ്‌പോര്‍ട്‌സ് ക്ലബ്ബ് ടീം ക്യാപ്റ്റന്‍ യൂസുഫ് ചെര്‍പ്പുളശ്ശേരി, വൈസ് ക്യാപ്റ്റന്‍ ജാഫര്‍ ചേളാരി, ടീം മാനേജര്‍ പ്രശാന്ത് അരുമാന്‍ എന്നിവര്‍ കപ്പുമായി മൈതാനത്ത് പ്രവേശിച്ചതോടെയാണ് ഔദ്യോഗിക ഉദ്ഘാടന പരിപാടിക്ക്  തുടക്കമായത്. മേളയുടെ ഉദ്ഘാടനം യുഎസ്ജി ബോറല്‍ ഓപറേഷന്‍സ് മാനേജര്‍ വായില്‍ സെയിത്തര്‍ നിര്‍വ്വഹിച്ചു. തുര്‍ക്കിയിലെ ഗലത്ത് ക്ലബ്ബ് മുന്‍ കളിക്കാരന്‍ ഡോ. എര്‍ത്താന്‍ ടുഫക് സിഗാലൊ മുഖ്യാതിഥിയായിരുന്നു. വന്‍കരകള്‍ക്കുമപ്പുറം ലോകത്തെ മുഴുവന്‍ ജനങ്ങളും ഇഷ്ടപ്പെടുന്ന കായിക വിനോദമായി ഇന്ന് ഫുട്‌ബോള്‍ നിലനിന്ന് പോരുന്നത് ഫുട്‌ബോള്‍ മേളകള്‍ പ്രാദേശിക തലം മുതല്‍ സംഘടിപ്പിക്കപ്പെടുന്നത് കൊണ്ടാണെന്ന് എര്‍ത്താന്‍ പറഞ്ഞു. പ്രവാസികളായി മാറുമ്പോഴും കാല്‍പന്ത് കളിയോട് കാണിക്കുന്ന അഭിനിവേശം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേളയുടെ കിക്കോഫ് ഡോ. എര്‍ത്താന്‍ നിര്‍വ്വഹിച്ചു. ദമ്മാമിലെ വ്യാപാര, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരായ ജഷീദ് അലി, തോമസ് തൈപറമ്പില്‍, ഡോ. അബ്ദുല്‍ സലാം, റഫീഖ് കൂട്ടിലങ്ങാടി, ടി പി എം ഫസല്‍, ബിജു കല്ലുമല, എം എ വാഹിദ്, രാജു കെ ലുക്കാസ്, ഇ എം കബീര്‍, മുഹമ്മദ് നജാത്തി, നജീം ബഷീര്‍, സുനില്‍ മുഹമ്മദ്, ഷഫീഖ് സി കെ, മുസ്തഫ പാവയില്‍, നാസര്‍ അണ്ടോണ, ഷബീര്‍ ഹസന്‍ യാമ്പു, ശരീഫ് മേലാറ്റൂര്‍, അബ്ദുല്‍ അലി കളത്തിങ്ങല്‍, സി അബ്ദുല്‍ റസാഖ്, സക്കീര്‍ വള്ളക്കടവ്, റിയാസ് പറളി, മണി പത്തിരിപ്പാല പങ്കെടുത്തു. നജീബ് അരഞ്ഞിക്കല്‍ അവതാരകനായിരുന്നു.

ആദ്യ മല്‍സരത്തില്‍ ശക്തരായ സുബയി ട്രേഡിങ് കോര്‍ണിഷ് സോക്കര്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് യങ്സ്റ്റാര്‍ ടൊയോട്ടയെ പരാജയപ്പെടുത്തി. കളിയുടെ 19ാം മിനുട്ടില്‍ ഷഫീഖിലൂടെ ആദ്യ ലീഡ് നേടിയ കോര്‍ണിഷ് നിസാം വയനാടിന്റെ തകര്‍പ്പന്‍ ഹാട്രിക്കിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. രണ്ടാം മല്‍സരത്തില്‍ എഫ്എസ്എന്‍ മലബാര്‍ യുഎഫ്‌സി ദിമാഹ് ടിഷ്യു ഖതീഫ് എഫ്‌സിക്കെതിരെ ആധികാരിക വിജയം നേടി. കളിയുടെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ വാസിലിന്റെ മനോഹരമായ ഫ്രീകിക്കിലൂടെ മുന്നിലെത്തിയ മലബാറിന് വേണ്ടി ആബിദ്, സിനാന്‍ എന്നിവര്‍ ഒരോ ഗോളും സുഹൈര്‍ രണ്ട് ഗോളുകളും നേടി. ഖതീഫിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ ഷഫീഖിന്റെ വകയായിരുന്നു. കളികളിലെ കേമന്‍മാരായി തിരഞ്ഞെടുക്കപ്പെട്ട നിസാം (കോര്‍ണിഷ്), സുഹൈര്‍ (മലബാര്‍) എന്നിവര്‍ക്കുള്ള ട്രോഫികളും ഉപഹാരങ്ങളും ഫിറോസ് കോഴിക്കോട്, കരീം മന്‍സൂര്‍, നിഷാദ് മുഹമ്മദ്, മുസ്തഫ വി വണ്‍, നാസര്‍ ഫൗസി, മുസ്തഫ തലശേരി, റോണി ജോണ്‍ വിതരണം ചെയ്തു. സ്വദേശി റഫറിമാരാണ് കളി നിയന്ത്രിച്ചത്. നവംബര്‍ 24നാണ് കലാശപ്പോരാട്ടം. വിജയികള്‍ക്ക് യുഎസ്ജി ബോറല്‍ ട്രോഫിയും റണ്ണഴ്‌സിന് റയ്ബാന്‍ ട്രാവല്‍സ് ട്രോഫിയും സമ്മാനിക്കും. ശരീഫ് മാണൂര്‍, റഹീം അലനല്ലൂര്‍, നൗശാദ് അലനല്ലൂര്‍, അഷ്‌റഫ് തലപ്പുഴ, ഷബീര്‍ ആക്കോട് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it