Flash News

യുഎപിഎ ആദിവാസികളെ മാവോവാദികളാക്കാനുള്ളതാണോ?

കൊച്ചി: വനത്തില്‍ കിടക്കുന്ന പാവം ആദിവാസികളെ മാവോവാദികളെന്നു പറഞ്ഞ് പിടിക്കാനുള്ളതാണോ യുഎപിഎ നിയമമെന്ന് ഹൈക്കോടതി. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം നേതാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തരുതെന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് കോടതി ഈ ചോദ്യമുന്നയിച്ചത്. നിങ്ങള്‍ക്ക് അതാണു ചെയ്യാന്‍ പറ്റുകയെന്നും രാവിലെ കേസ് പരിഗണനയ്‌ക്കെടുത്ത ഉടന്‍ കോടതി വാക്കാല്‍ പറഞ്ഞു.
ഈ കേസില്‍ തീവ്രവാദപരമായ ഘടകങ്ങളില്ലെന്നും യുഎപിഎക്കുള്ള അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഒരു കൊലക്കേസില്‍ എങ്ങനെയാണ് യുഎപിഎ ഉള്‍പ്പെടുത്തുകയെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന ഗവ. പ്ലീഡര്‍ വാദിച്ചു.
ബോംബെറിഞ്ഞ് ആളെ കൊന്നാല്‍ യുഎപിഎ ഉള്‍പ്പെടുത്താനാവില്ലെന്നാണോ പറയുന്നതെന്നായിരുന്നു കോടതിയുടെ പ്രതികരണം. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ കൊല ചെയ്യുമെന്നും കൂടെ സഞ്ചരിക്കുന്നവരെ സംരക്ഷിക്കുമെന്നുമാണോ പറയുന്നത്.
എന്നാല്‍, ഇങ്ങനെയുള്ള കേസുകളില്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും സ്‌ഫോടകവസ്തു നിയമപ്രകാരവും ആയുധ നിയമപ്രകാരവും കേസെടുക്കാവുന്നതാണെന്ന് ഗവ. പ്ലീഡര്‍ വിശദീകരിച്ചു. യുഎപിഎ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ളതാണ്. നാട്ടില്‍ നടക്കുന്ന ഓരോ കൊലപാതകത്തിലും ബോംബേറിലും ഇത് ചുമത്താനാവില്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍, യുഎപിഎ നിയമത്തിലെ 15ാം വകുപ്പില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്നു പറയുന്നുണ്ടെന്നും ഈ കൊലപാതകം അതുപോലൊരു സംഭവമാണെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it