World

യുഎന്‍: പാകിസ്താനെതിരേ വിമര്‍ശനവുമായി സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ പാകിസ്താനെതിരേ ശക്തമായ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തീവ്രവാദികള്‍ക്ക് അഭയം കൊടുക്കുകയും സംരക്ഷിക്കുകയുമാണ് പാകിസ്താനെന്നു സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. ഭികരവാദിയെന്നു പ്രഖ്യാപിക്കപ്പെട്ട ഹാഫിസ് സഈദിന് സ്വതന്ത്രമായി ഇടപെടാന്‍ സാധിക്കുന്ന ഒരു രാജ്യവുമായി ചര്‍ച്ച അസാധ്യമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ മനപ്പൂര്‍വം അവസാനിപ്പിക്കുകയല്ല ഇന്ത്യ ചെയ്തത്. അനിവാര്യത മനസ്സിലാക്കിയാണ് പാകിസ്താനുമായി ചര്‍ച്ച ആരംഭിക്കാന്‍ തീരുമാനിച്ചത്. പാകിസ്താന്റെ മോശം സമീപനമാണ് ചര്‍ച്ചകള്‍ നിലച്ചുപോവാന്‍ കാരണം. പാകിസ്താന്‍ ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി ആരോപിക്കുമ്പോള്‍ ഭീകരവാദികളുടെ കാര്യമാണ് അതിലും വലിയ ലംഘനമെന്നു സുഷമ സ്വരാജ് പറഞ്ഞു. കൊലയാളികളെ മഹത്ത്വവല്‍ക്കരിക്കുകയാണ് പാകിസ്താനെന്നും നിരപരാധികളുടെ രക്തം ചിന്തുമ്പോള്‍ അവര്‍ മുഖം തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം സുഷമ സാര്‍ക് മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയിരുന്നു. യുഎന്‍ പൊതുസഭയുടെ ഭാഗമായിട്ടാണ് യോഗം സംഘടിപ്പിച്ചിരുന്നത്. തന്റെ സംസാരത്തിനു ശേഷം പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി സംസാരിക്കാനിരിക്കെയായിരുന്നു സുഷമ വേദിവിട്ടത്. ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീകരവാദം ഭീഷണിയാണെന്നും എല്ലാ തരത്തിലുമുള്ള ഭീകരവാദമെന്ന വിപത്തിനെ ഇല്ലാതാക്കേണ്ടതു നമ്മുടെ ആവശ്യമാണെന്നും പ്രസംഗത്തില്‍ സുഷമ അഭിപ്രായപ്പെട്ടിരുന്നു.
സാര്‍ക് യോഗത്തില്‍ സുഷമ സ്വരാജിന്റെ നിലപാടിനെതിരേ പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. സാര്‍ക് രാഷ്ട്രങ്ങളുടെ പുരോഗതിക്ക് ഒരു രാജ്യത്തിന്റെ നിലപാട് തടസ്സം നില്‍ക്കുകയാണെന്നും പ്രശ്‌നപരിഹാരത്തിനും ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല ഇടപെടല്‍ കാണുന്നില്ലെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് എപ്പോഴും തയ്യാറാണെന്നു പിന്നീട് ഖുറേഷി പ്രതികരിക്കുകയും ചെയ്തു.
എന്നാല്‍, സുഷമ സ്വരാജ് ഇറങ്ങിപ്പോയത് സ്വാഭാവിക നടപടിയാണെന്നു പിന്നീട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യോഗത്തില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയയാള്‍ സുഷമയല്ല. സുഷമ സ്വരാജ് സംസാരിക്കുന്നതിനു മുമ്പ് അഫ്ഗാന്‍, ബംഗ്ലാദേശ് മന്ത്രിമാര്‍ വേദി വിട്ടിരുന്നു. പലവിധ യോഗങ്ങള്‍ ഒരു സ്ഥലത്തു നടക്കുന്ന സാഹചര്യങ്ങളില്‍ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോവുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it